ചെന്നൈ: കമ്യൂണിസ്റ്റ് സഹയാത്രികനായ നടന്‍ കമല്‍ ഹാസനെ സൂപ്പര്‍ സ്റ്റാര്‍ രജനിക്ക് ‘ബദലായി’ രംഗത്തിറക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ നീക്കം.
സ്വന്തമായി ഉടന്‍ തന്നെ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കാന്‍ ഒരുങ്ങുന്ന രജനികാന്തിന് സിനിമയിലെ പോലെ രാഷ്ട്രീയത്തിലും ‘എതിരാളി’യായി കമലിനെ രംഗത്തിറക്കാനാണ് ആലോചന.
രാഷ്ട്രീയത്തിലിറങ്ങാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കിയ കമലിനെ തിരഞ്ഞെടുപ്പ് പ്രചരണ യോഗങ്ങളില്‍ ലഭിക്കുമോ എന്ന കാര്യം മുഖ്യ പ്രതിപക്ഷമായ ഡിഎംകെയാണ് പ്രധാനമായും നോക്കുന്നത്.
സിപിഎം ദേശീയ നേതൃത്വവുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന കമല്‍ ഹാസന്റെ സഹായം ഉറപ്പുവരുത്താന്‍ സിപിഎമ്മിന് അടുത്ത ലോക്‌സഭാ – നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ‘നല്ല പരിഗണന’ നല്‍കുമെന്ന വാഗ്ദാനം ഡിഎംകെ നല്‍കിയേക്കുമെന്നാണ് ലഭിക്കുന്ന സൂചന.
ഇക്കാര്യം സംബന്ധിച്ച് ചില പ്രാഥമിക ചര്‍ച്ചകള്‍ സംസ്ഥാനത്തെ പ്രമുഖ സിപിഎം നേതാക്കളുമായി മുതിര്‍ന്ന ഡിഎംകെ നേതാക്കള്‍ നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.
സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കാന്‍ രജനി തീരുമാനിച്ചതിന് പിന്നില്‍ ആര്‍ എസ് എസ് സൈദ്ധാന്തികന്‍ ഗുരുമൂര്‍ത്തിയുടെ ബുദ്ധിയാണെന്നാണ് തമിഴകത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ സംശയിക്കുന്നത്.
ബിജെപി മുന്നണിയുടെ ഭാഗമായി മത്സരിച്ചാല്‍ ന്യൂനപക്ഷ വിഭാഗങ്ങളുടെ പിന്തുണ നഷ്ടമാകുമെന്ന് കണ്ടാണ് ഈ ‘ബുദ്ധി’യത്രെ.
രജനി രംഗത്തിറങ്ങിയാല്‍ തമിഴകം തൂത്ത് വാരപ്പെടുമെന്ന പ്രതീതി പൊതുവെയുള്ളതും ഭരണ-പ്രതിപക്ഷ പാര്‍ട്ടി നേതൃത്വങ്ങളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.
രജനിക്കെതിരെ പാര്‍ട്ടി അനുഭാവികളായ താരങ്ങള്‍ പോലും രംഗത്തിറങ്ങാന്‍ മടിക്കുമെന്നത് ഡിഎംകെയെ ഇപ്പോള്‍ തന്നെ ആശങ്കയിലാക്കിയിട്ടുണ്ട്.
രാഷ്ട്രപതി തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തമിഴകത്ത് പളനിസാമി സര്‍ക്കാറിനെ മറച്ചിട്ട് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടത്താനുള്ള ശ്രമം പനീര്‍ ശെല്‍വത്തെ മുന്നില്‍ നിര്‍ത്തി ബിജെപി വീണ്ടും നടത്തുമെന്ന് ഭരണപക്ഷമായ അണ്ണാ ഡിഎംകെയും മുന്‍കൂട്ടി കാണുന്നുണ്ട്.
സംസ്ഥാനത്ത് ഉണ്ടാകാനിടയുള്ള രജനി തരംഗത്തെ ചെറുക്കാന്‍ തങ്ങളോട് സഹകരിക്കണമെന്ന ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തിന്‍മേല്‍ ‘ഏതെങ്കിലും സൂപ്പര്‍ താരം രംഗത്തിറങ്ങിയാല്‍ തങ്ങള്‍ക്ക് രംഗത്തിറങ്ങാന്‍ മടിയില്ലെന്ന’ വിവരമാണ് ചില താരങ്ങള്‍ കൈമാറിയതത്രെ.
നടന്‍ വിജയ്, അജിത്ത്, സൂര്യ തുടങ്ങിയവരെ ഉദ്ദേശിച്ചായിരുന്നു ഈ പ്രതികരണം.
എന്നാല്‍ ഇവരാരും തല്‍ക്കാലം രാഷ്ട്രീയത്തില്‍ ഇറങ്ങാനില്ലെന്ന നിലപാടാണ് സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് കമല്‍ ഹാസനില്‍ പിടിമുറുക്കാന്‍ ഇപ്പോള്‍ ശ്രമം നടത്തി വരുന്നത്.
രജനി രാഷ്ട്രീയത്തിലിറങ്ങുന്നതിനെ നേരത്തെ കമല്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു.
സൂപ്പര്‍ താര പോരാട്ടത്തില്‍ മലയാളത്തില്‍ മോഹന്‍ലാല്‍- മമ്മൂട്ടി എന്ന പോലെയായിരുന്നു ദീര്‍ഘകാലം രജനി – കമല്‍ പോരാട്ടം തമിഴകത്ത് നടന്നിരുന്നത്.
ഇന്ത്യയിലെ ഏറ്റവും മികച്ച നടനാണ് കമല്‍ ഹാസനെങ്കില്‍ ശക്തമായ ആരാധകവൃന്ദമുള്ള താരമാണ് രജനികാന്ത്.
ഡി.എം.കെ ‘സമ്മര്‍ദ്ദം’ ഏശിയാല്‍ തമിഴക രാഷ്ട്രീയത്തില്‍ രജനി- കമല്‍ പോരാട്ടത്തിനാകും ഇനി വേദി ഉയരുക. അണ്ണാഡിഎംകെ യുടെ പിളര്‍പ്പോടെ ഡിഎംകെയാണ് ഇപ്പോള്‍ തമിഴകത്തെ ഏറ്റവും ശക്തമായ രാഷ്ട്രീയ പാര്‍ട്ടി.
മുഖ്യമന്ത്രി പദം സ്വപ്നം കാണുന്ന ഡിഎംകെ നേതാവ് എം.കെ സ്റ്റാലിന് ഇത്തവണ അടിപതറിയാല്‍ പിന്നെ ഒരു തിരിച്ചുവരവ് പ്രയാസകരമാകും. ഇക്കാര്യം അദ്ദേഹത്തിനു തന്നെ ശരിക്കും ബോധ്യമുണ്ട്. അതിനാല്‍ തന്നെ ആരുമായും വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്നതാണ് ഡിഎംകെയുടെ ഇപ്പോഴത്തെ നിലപാട്.
ഭരണപക്ഷമായ അണ്ണാ ഡിഎംകെയാവട്ടെ നയിക്കാന്‍ നായകനില്ലാതെ ഇരുട്ടില്‍ തപ്പുകയുമാണ്.
പനീര്‍ശെല്‍വം ബിജെപി പാളയത്തിലോ രജനിക്കൊപ്പമോ കൂട്ടു കൂടുമെന്നാണ് പളനിസാമി വിഭാഗം അണ്ണാ ഡിഎംകെ കരുതുന്നത്.
അതുകൊണ്ട് തന്നെ പരമാവധി ഇപ്പോഴത്തെ സംസ്ഥാന ഭരണം നഷ്ടപ്പെടാതെയിരിക്കാന്‍ ശ്രമിക്കുക എന്നതില്‍ മാത്രമാണ് അവരുടെ പ്രധാന ശ്രദ്ധ.
അതേ സമയം പളനിസാമി -ശശികല വിഭാഗം ഭിന്നത രൂക്ഷമായതിനാല്‍ ഇവര്‍ തന്നെ പരസ്പരം പോരടിച്ച് ഉടന്‍ തന്നെ സര്‍ക്കാറിനെ താഴെ ഇറക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.