spectrum auction bids worth rs 53,531 crore received on day1

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ സ്‌പെക്ട്രം ലേലത്തിലൂടെ ആദ്യ ദിനം ലഭിച്ചത് 53,531 കോടി രൂപ. 700 മെഗാ ഹെട്‌സും 900 മെഗാ ഹെട്‌സും ഒഴികെയുള്ള എല്ലാ ഫ്രീക്വന്‍സികളിലും ടെലികോം കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിക്കുന്നതായാണ് ടെലികോം വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.

നേരത്തെ ടുജി സ്‌പെക്ട്രം എന്നറിയപ്പെട്ട 1800 മെഗാ ഹെട്‌സ് ഫ്രീക്വന്‍സിക്കാണ് കമ്പനികള്‍ ഏറെ താല്‍പര്യം പ്രകടിപ്പിച്ചത്. ഈ ഫ്രീക്വന്‍സിയില്‍ ഇപ്പോള്‍ ടുജിയോടൊപ്പം 4ജി സേവനങ്ങളും ലഭ്യമാക്കും.

2100 മെഗാഹെട്‌സിന്റെ 3ജി/4ജി സ്‌പെക്ട്രത്തിനാണ് രണ്ടാമതായി കൂടുതല്‍ താല്‍പര്യം പ്രകടിപ്പിച്ചത്. കൂടാതെ 2500 (4ജി), 2300(4ജി), 800(2ജി/4ജി) എന്നീ ബാന്‍ഡുകള്‍ക്കും ടെലികോം കമ്പനികള്‍ രംഗത്തുണ്ട്.

ലേലം തുടങ്ങിയ ആദ്യ ദിനമായ ശനിയാഴ്ച അഞ്ചു റൗണ്ട് ലേലം വിളിയാണ് നടന്നത്. ഞാഴാറായ്ച അവധി ദിനമായതിനാല്‍ ലേലം തിങ്കളാഴ്ച പുനരാരംഭിക്കും.

മൊത്തം ഏഴു ബാന്‍ഡുകളിലാണ് ലേലം നടക്കുന്നത്. 700,800,900,1800,2100,2300,2500 എന്നീ മെഗാ ഹെട്‌സുകളാണിവ. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, റിലയന്‍സ് ജിയോ തുടങ്ങിയ സേവനദാതാക്കളാണ് ലേലത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത്.

2100 മെഗാ ഹെട്‌സ് ലഭ്യമായ പത്തു സര്‍ക്കിളുകളിലും കമ്പനികള്‍ താല്‍പര്യം കാണിച്ചു.

റിലയന്‍സ് ജിയോ, എയര്‍ടെല്‍, ആര്‍കോം എന്നീ കമ്പനികള്‍ക്ക് നേരത്തേ തന്നെ 4ജി സേവനങ്ങള്‍ രാജ്യത്തെ മിക്ക സര്‍ക്കിളുകളിലും ഉണ്ട്. ഐഡിയയും വോഡഫോണുമടക്കമുള്ള ദാതാക്കളാണ് 4 ജി സേവനങ്ങള്‍ സ്വന്തമാക്കാനായി ലേലത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.

1800 മെഗാ ഹെട്‌സ് ഫ്രീക്വന്‍സി 22ല്‍ 19 സര്‍ക്കിളുകളില്‍ എയര്‍ടെല്‍,വോഡഫോണ്‍,ഐഡിയ,ജിയോ എന്നീ കമ്പനികള്‍ ലൈസന്‍സ് സ്വന്തമാക്കിയിട്ടുണ്ട്. ഡല്‍ഹി, മുംബൈ,കൊല്‍ക്കത്ത അടക്കമുള്ള സര്‍ക്കിളുകളാണ് ഇവ.

Top