‘ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേ’യിലെ അമിതവേഗം; ഫാസ്ടാഗ് ഉപയോഗിച്ച് പരിഹരിക്കാൻ പൊലീസ്

ദേശീയപാതകള്‍ പൊതുവേ വാഹനപ്രേമികളുടെ ഇഷ്ടയിടമാണ്. മികച്ച നിര്‍മാണ നിലവാരവും ഏറെ ദൂരം കാഴ്ചയെത്തുമെന്നതുമൊക്കെയാണ് കാരണം. എന്നാല്‍ എക്‌സ്പ്രസ് വേയില്‍ അമിതവേഗം കാരണം ഉണ്ടാകുന്ന അപകടങ്ങൾ മൂലം വലിയ പ്രതിസന്ധിയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നേരിടുന്നത്.

സമീപകാലത്ത് ഇത്തരത്തില്‍ കുപ്രസിദ്ധി നേടിയ പാതയാണ് ബെംഗളൂരു – മൈസൂരു എക്‌സ്പ്രസ് വേ. അമിതവേഗം ഇവിടെ ഉണ്ടാക്കുന്ന പ്രതിസന്ധിക്ക് പുതിയ പരിഹാരമാര്‍ഗം സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് കര്‍ണാടക പൊലീസ്.

കേരളത്തിലെ, പ്രത്യേകിച്ച് ഉത്തര മലബാറിലെ ആളുകള്‍ ഏറെ ആശ്രയിക്കുന്ന പാതയാണ് ഇത്. ഭൂരിഭാഗം സമയങ്ങളിലും ഇവിടെ വാഹനത്തിരക്കുണ്ട്. ഇതോടൊപ്പം അമിതവേഗവും ചേരുന്നതോടെ അപകടസാധ്യത കൂടുന്നെന്ന് ബെംഗളൂരു പൊലീസ് മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇവയൊന്നും അപകടം കുറയ്ക്കാന്‍ സഹായിച്ചില്ല. ഇതോടെയാണ് പുതിയ മാര്‍ഗം സ്വീകരിക്കാന്‍ പൊലീസ് നിര്‍ബന്ധിതരായത്.

ആറുവരി പാതയില്‍ 100 കിലോമീറ്റര്‍ വേഗം ലംഘിക്കുന്ന വാഹനങ്ങളിലെ ഫാസ്ടാഗ് അക്കൗണ്ടുകളില്‍നിന്ന് പിഴ നേരിട്ട് ഈടാക്കാനുള്ള പദ്ധതിയാണ് പൊലീസ് ആലോചിക്കുന്നത്. അപകടം കുറയ്ക്കാനും പിഴ ശേഖരണം കൂടുതല്‍ ശക്തമാക്കാനുമുള്ള നടപടികള്‍ പൊലീസ് ആവിഷ്‌കരിച്ചു കഴിഞ്ഞു. ബെംഗളൂരു പൊലീസാണ് പദ്ധതി മുന്നോട്ടുവച്ചത്. മികച്ച ഡ്രൈവിങ് സംസ്‌കാരം ഉണ്ടാക്കാനും വാഹനങ്ങള്‍ നിയമം പാലിക്കുന്നു എന്ന് ഉറപ്പുവരുത്താനും നിയമലംഘനം നടത്തുന്നവരുടെ പക്കല്‍ നിന്ന് കൃത്യമായി പിഴ ഈടാക്കാനും പദ്ധതി സഹായിക്കുമെന്നാണ് ഉദ്യോഗസ്ഥ ഭാഷ്യം. നിലവില്‍ ഫാസ്ടാഗ് വഴി അടയ്ക്കുന്ന തുക നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ അക്കൗണ്ടിലേക്കാണ് പോകുന്നത്.

ദേശീയ പാതകളിലെ വേഗപരിധി പിഴകള്‍ സര്‍ക്കാരിന്റെ ഖജനാവിലേക്ക് മാറ്റാനാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. പദ്ധതിയെക്കുറിച്ച് പഠിക്കുന്നതിന് നാഷനല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയെ ചുമതലപ്പെടുത്തിയതായാണ് സൂചന. പദ്ധതി പ്രായോഗികമെന്ന് കണ്ടെത്തിയാല്‍ വൈകാതെ നടപ്പാക്കും. ബെംഗളൂരു – മൈസൂരു പാതയില്‍ വിവിധയിടങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഓഗസ്റ്റ് 1 മുതല്‍ ഹൈവേയില്‍ ഇരുചക്ര വാഹനങ്ങള്‍ നിരോധിക്കാനും തീരുമാനമായിട്ടുണ്ട്.

പദ്ധതി വിജയകരമായി നടപ്പാക്കിയാല്‍ മറ്റു സംസ്ഥാനങ്ങളും ഇതേ ഏറ്റെടുക്കാന്‍ സാ്ധ്യതയുണ്ട്.

Top