ന്യൂഡല്‍ഹി:വിവാദങ്ങള്‍ നിലനില്‍ക്കെ എസ്പിജി സുരക്ഷനിയമഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കി. 1988 ലെ സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് നിയമത്തിലെ അഞ്ചാമത്തെ ഭേദഗതിയാണ് ഇപ്പോള്‍ കേന്ദ്രം പാസാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് ഉയര്‍ത്തിയ കടുത്ത പ്രതിഷേധം മറികടന്നാണ് ബില്‍ പാസാക്കിയിരിക്കുന്നത്. ഭേദഗതി പ്രകാരം ഇനിമുതല്‍ രാജ്യത്തെ പ്രധാനമന്ത്രിക്ക് മാത്രമായിരിക്കും എസ്പിജി സുരക്ഷ നല്‍കുക. നേത്തെ ബില്‍ ലോക്സഭയും പാസാക്കിയിരുന്നു.
ബില്ലിലെ ചര്‍ച്ചക്കിടെ കേരളത്തില്‍ ഇടതുപക്ഷം ബിജെപിക്കാരെ വേട്ടയാടുകയാണെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന സഭയില്‍ ബഹളത്തിന് കാരണമായി. പ്രിയങ്ക ഗാന്ധിയുടെ ഡല്‍ഹിയിലെ ലോധി എസ്റ്റേറ്റിലേക്ക് ആറംഗസംഘം കാറിലെത്തുകയും വീടിനകത്ത് പ്രവേശിക്കുകയും ചെയ്ത സംഭവമാണ് പ്രതിപക്ഷപ്രതിഷേധത്തിന് കാരണമായത്. സംഭവത്തില്‍ മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതായും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. രാഷ്ട്രപതിക്ക് നല്കുന്ന സുരക്ഷയാണ് സോണിയഗാന്ധിയുടെ കുടുംബത്തിന് ഇപ്പോഴുമുള്ളതെന്നും അമിത് ഷാ വ്യക്തമാക്കി.
ഗാന്ധി കുടുംബത്തെ ഉദ്ദേശിച്ചാണ് തങ്ങള്‍ നിയമദേഗതി കൊണ്ടുവരുന്നതെന്നത് ആരോപണങ്ങള്‍ മാത്രമാണെന്ന് അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. ബില്ല് കൊണ്ടുവരുന്നതിന് മുമ്പുതന്നെ സുരക്ഷാ അവലോകനത്തിന് ശേഷം ഗാന്ധി കുടുംബത്തിന് നല്‍കിയിരുന്ന എസ്പിജി സുരക്ഷ പിന്‍വലിച്ചിരുന്നതാണെന്ന് അമിത് ഷാ പറഞ്ഞു. നിയമ ഭേദഗതിയും ഗാന്ധി കുടുംബത്തിന് നല്‍കിയിരുന്ന എസ്പിജി സുരക്ഷ പിന്‍വലിക്കലും തമ്മില്‍ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും ഒരു കുടുംബത്തിവേണ്ടി മാത്രം നിയമങ്ങള്‍ ഉണ്ടാക്കാന്‍ പാടില്ല. ഞങ്ങള്‍ കുടുംബത്തിനെതിരല്ല പക്ഷെ കുടുംബാധിപത്യത്തിനെതിരാണെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. ഇതിന് ശേഷമാണ് നിയമ ഭേദഗതി സഭ പാസാക്കിയത്. പിന്നാലെ കോണ്‍ഗ്രസ് സഭ ബഹിഷ്‌കരിച്ചു.