സ്‌പൈസ് ജെറ്റ് ഇരുപത് പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ചു

ഡൽഹി: ഇരുപത് പുതിയ വിമാന സർവീസുകൾ പ്രഖ്യാപിച്ച് സ്‌പൈസ് ജെറ്റ്. ജയ്പൂരിലേക്ക് മാത്രം 16 പുതിയ സർവീസുകൾ നടത്തുന്നതായാണ് വിവരം. ഡെറാഡൂൺ, അമൃത്സർ, ഉദയ്പൂർ, ഡൽഹി എന്നിവിടങ്ങളിൽ നിന്നാണ് ജയ്പൂരിലേക്ക് സർവീസുകൾ ഉണ്ടാകുക. ജയ്പൂരിൽ നിന്ന് സൂറത്ത് വഴി ഗോവയിലേക്കും സർവീസുകൾ ഉണ്ടാകും. ഉഡാൻ പദ്ധതി പ്രകാരം സിക്കിമിലെ പക്യോങ് നിന്ന് ഡൽഹിയിലേക്കും കൊൽക്കത്തയിലേക്കും സ്പൈസ് ജെറ്റിന്റെ സർവീസുകൾ ഉണ്ടാകും. ഇതുകൂടാതെ ഡൽഹിയിൽ നിന്ന് തിരിച്ച് ഡെറാഡൂണിലേക്കും സർവീസ് ഏർപ്പെടുത്തും. എല്ലാ പുതിയ വിമാന സർവീസുകളും ഫെബ്രുവരി 1 നും ഫെബ്രുവരി 10 നും ഇടയിൽ പ്രാബല്യത്തിൽ വരുമെന്ന് സ്പൈസ് ജെറ്റ് അറിയിച്ചു.

ജയ്പൂരിൽ നിന്ന് ഡെറാഡൂണിലേക്ക് ആഴ്ചയിൽ നാല് തവണയും ജയ്പൂർ-അമൃത്സർ റൂട്ടിൽ ആഴ്ചയിൽ മൂന്ന് തവണയുമാണ് സർവീസ് നടത്തുക. ജയ്പൂരിൽ നിന്ന് ഉദയ്പൂർ, ഗോവ, ഡൽഹി എന്നിവിടങ്ങളിലേക്കും ഡൽഹിയിൽ നിന്ന് ഡെറാഡൂണിലേക്കും പതിവായി സർവീസ് ഉണ്ടാകും. അതേസമയം കൊൽക്കത്ത-പക്യോങ് റൂട്ടിലേക്ക് ആഴ്ചയിൽ അഞ്ച് തവണയാണ് സർവീസ് നടത്തുക. പുതിയ സർവീസുകൾക്ക് 2,407 മുതൽ 3,981 രൂപ വരെയാണ് ചാർജ്. ബോംബാർഡിയർ ക്യു 400 വിമാനമാണ് പുതിയ സർവീസുകൾക്കായി ഉപയോഗിക്കുന്നത്. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞതോടെയാണ് സ്പൈസ് ജെറ്റ് പുതിയ ആഭ്യന്തര സർവീസുകൾ പ്രഖ്യാപിച്ചത്.

Top