ഇടുക്കി: മൂന്നാറില്‍ നിന്നും കന്നാസുകളില്‍ സൂക്ഷിച്ച 384 ലിറ്റര്‍ സ്പിരിറ്റ് എക്‌സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കടുക്മുടി ലയത്തിലെ മാസിലാമണിയുടെ മകന്‍ മോഹനെതിരെ കേസെടുത്തു. ഇയാള്‍ ഒളിവിലാണ്.
ക്രിസ്മസ്-പുതുവല്‍സര ആഘോഷ നാളുകള്‍ ലക്ഷ്യമിട്ട് തോട്ടം മേഖലയില്‍ വന്‍തോതില്‍ സ് പിരിറ്റ് ശേഖരമെത്തുന്നതായുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്‌സൈസിന്റെ പരിശോധന. ഗുണ്ടുമല കടുകുമുടി ഡിവിഷനില്‍ നടത്തിയ പരിശോധനയില്‍ കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന 384 ലിറ്റര്‍ സ്പിരിറ്റാണ് കണ്ടെടുത്തത്.
തേയിലത്തോട്ടത്തിലെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലും കുഴിച്ചിട്ട നിലയിലുമായിരുന്നു കന്നാസുകള്‍. മൂന്നാര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ അബു എബ്രഹാമിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
കഴിഞ്ഞ ഒമ്പതാം തീയതി ഈ മേഖലയില്‍ നടത്തിയ പരിശോധനയില്‍ 1150 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയിരുന്നത്.