തിരുവനന്തപുരം: ചാനല്‍ ചര്‍ച്ചക്കിടെ പരാതി പറയാന്‍ വിളിച്ച യുവതിയോട് കയര്‍ത്ത് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. പെണ്കുട്ടിയോട് ആത്മരോഷത്തോടെ സംസാരിച്ചത് ഒരമ്മയുടെ സ്വാതന്ത്ര്യത്തോടെയാണെന്നും തന്റെ വാക്കുകള്‍ മുറിവേല്പ്പിച്ചിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ജോസഫൈന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഭര്‍ത്താവില്‍ നിന്നും പീഡനമേറ്റിട്ടും പരാതിക്കാരി അതു പൊലീസില്‍ അറിയിച്ചിരുന്നില്ല എന്നു പറഞ്ഞപ്പോള്‍ പെണ്‍കുട്ടികള്‍ സധൈര്യം പരാതിപ്പെടാന്‍ മുന്നോട്ട് വരാത്തതിലുള്ള ആത്മരോഷം തനിക്കുണ്ടായെന്നും ഈ സാഹചര്യത്തിലാണ് അനുഭവിച്ചോട്ടാ എന്ന പരാമര്‍ശം ഉണ്ടയാതെന്നും ഖേദം പ്രകടിപ്പിച്ചുള്ള വാര്‍ത്താക്കുറിപ്പില്‍ എം.സി.ജോസഫൈന്‍ പറയുന്നു.
പിന്നീട് ചിന്തിച്ചപ്പോള്‍ ഞാന്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ബോധ്യപ്പെട്ടു. ആ സഹോദരിക്ക് എന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ എന്റെ പരാമര്‍ശത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നതായും ജോസഫൈന്‍ വ്യക്തമാക്കി. ജോസഫൈന്റെ പരാമര്‍ശം വലിയ വിവാദവും വ്യാപകപ്രതിഷേധവും സൃഷ്ടിച്ചിരുന്നു. വിവാദ പരാമര്‍ശം നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യുന്നുണ്ട്.
”എന്താണ് പൊലീസില്‍ പരാതി നല്‍കാത്തത് എന്ന് ഒരമ്മയുടെ സ്വാതന്ത്ര്യത്തോടെ ഞാന്‍ പെണ്‍കുട്ടിയോട് ചോദിച്ചിരുന്നു എന്നത് വസ്തുതയാണ്. പെണ്‍കുട്ടികള്‍ സധൈര്യം പരാതിപ്പെടാന്‍ മുന്നോട്ട് വരാത്തതിലുള്ള ആത്മരോഷം ആണ് എനിക്ക് ഉണ്ടായത്. എന്നാല്‍ പിന്നീട് ചിന്തിച്ചപ്പോള്‍ ഞാന്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ബോധ്യപ്പെട്ടു. ആ സഹോദരിക്ക് എന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ എന്റെ പരാമര്‍ശത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു.” എം.സി.ജോസഫൈന്‍ തന്റെ പ്രസ്താവനയില്‍ പറഞ്ഞു.