തിരുവനന്തപുരം:വോളിബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കര്‍ശന നടപടിയ്‌ക്കൊരുങ്ങി സര്‍ക്കാര്‍.
ടോം ജോസഫിനെതിരായ അസോസിയേഷന്‍ നടപടി അംഗീകരിക്കില്ലെന്ന് കായിക മന്ത്രി എ.സി.മൊയ്തീന്‍. ഭാരവാഹികള്‍ക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍ സ്‌പോട്‌സ് കൗണ്‍സിലിനെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.
വോളിബോള്‍ അസോസിയേഷന്‍ അപമാനിച്ചെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ടോം ജോസഫ് സര്‍ക്കാരിന് കത്തയച്ചതിനെതുടര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍. അസോസിയേഷന്‍ ഭാരവഹികള്‍ക്കതിരെ രൂക്ഷ ഭാഷയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.
കായികചരിത്രത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തത്ര ആക്ഷേപമാണ് ടോം നേരിട്ടത്. ഇക്കാര്യത്തില്‍ കര്‍ശന നടപടിയുണ്ടാകും. സെക്രട്ടറിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് ടോം ജോസഫിനെ കഴിഞ്ഞദിവസം അസോസിയേഷന്‍ സസ്‌പെന്റ് ചെയ്തത്.