ദുബായ്: 2016 ഒക്ടോബറിന് ശേഷം ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനക്കാരായ വിരാട് കോലിക്കും സംഘത്തിനും കൊറോണക്കാലത്ത് തിരിച്ചിറക്കം. വെള്ളിയാഴ്ച പുറത്തിറക്കിയ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി) ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
116 പോയന്റുമായി ഓസ്ട്രേലിയയാണ് ഒന്നാം സ്ഥാനം കൈയടക്കിയത്.ന്യൂസീലൻഡ് 115 പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് കയറിയപ്പോള്‍, 114 പോയിന്റോടെയാണ് ഇന്ത്യ മൂന്നാം സ്ഥാനത്തേയ്ക്കാണ് വീണത്.
105 പോയന്റുമായി ഇംഗ്ലണ്ട് നാലാം സ്ഥാനത്തും 91 പോയന്റുമായി ശ്രീലങ്ക അഞ്ചാം സ്ഥാനത്തുമാണ്.
കോവിഡ് വ്യാപനത്തിനു മുന്നോടിയായി ന്യൂസീലന്‍ഡില്‍ പര്യടനം നടത്തിയ ഇന്ത്യ രണ്ടു ടെസ്റ്റുകളും തോറ്റ് പരമ്പര അടിയറവു വച്ചിരുന്നു. ഇതാണ് പുതിയ റാങ്കിങ്ങില്‍ ഇന്ത്യയ്ക്ക് തിരിച്ചടിയായതും ന്യൂസീലന്‍ഡിന് നേട്ടമായതും. അതേസമയം, ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പട്ടികയില്‍ ഇന്ത്യ ഇപ്പോഴും ഒന്നാം സ്ഥാനത്തുണ്ട്.
അതേസമയം ഏകദിന റാങ്കിങ്ങില്‍ 119 പോയന്റുമായി ഇന്ത്യ രണ്ടാം റാങ്കില്‍ തിരിച്ചെത്തി.