മൗണ്ട് മോംഗനൂയി: ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയ്ക്ക് ജയം. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് എടുത്തത്. ഇന്ത്യ ഉയര്‍ത്തിയ 163 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് നിശ്ചിത ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് മാത്രമാണ് നേടാന്‍ കഴിഞ്ഞത്.
രോഹിത് ശര്‍മ്മ അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ ബുംറ മൂന്നു വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ടു വിക്കറ്റുകളുമായി നവദീപ് സൈനി, ഷര്‍ദുള്‍ താക്കുറും തിളങ്ങി. വിരാട് കോഹ്‌ലിക്കു വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് രോഹിത് ശര്‍മയാണ് നായകനായി എത്തിയത്.
രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിയും കെ.എല്‍. രാഹുലിന്റെ ബാറ്റിംഗുമാണ് ഇന്ത്യക്കു ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 41 പന്തില്‍നിന്ന് 60 റണ്‍സ് നേടിയ രോഹിത് റിട്ടയഡ് ഹര്‍ട്ടായി മടങ്ങി. 33 പന്തില്‍നിന്ന് 45 റണ്‍സായിരുന്നു രാഹുലിന്റെ സംഭാവന. ശ്രേയസ് അയ്യര്‍ (31 പന്തില്‍ 33), മനീഷ് പാണ്ഡെ (നാലു പന്തില്‍ 11) എന്നിവര്‍ പുറത്താകാതെനിന്നു.
രോഹിത് ശര്‍മ്മയ്ക്ക് പരിക്കേറ്റതോടെ ഫീല്‍ഡിംങിനിറങ്ങിയപ്പോള്‍ കെ.എല്‍ രാഹുലാണ് ഇന്ത്യയെ നയിച്ചത്. കെ.എല്‍ രാഹുല്‍ തന്നെയാണ് പരമ്പരയിലെ താരം. കെ.എല്‍. രാഹുലിനൊപ്പം ഓപ്പണറായി ഇറങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ അഞ്ചു പന്തില്‍ രണ്ടു റണ്‍സെടുത്തു പുറത്തായി.