അപേക്ഷിക്കാൻ വൈകിയതിനാലാണു രാജ്യാന്തര ഫുട്ബോൾ താരങ്ങളായ അനസ് എടത്തൊടികയ്ക്കും റിനോ ആന്റോയ്ക്കും സർക്കാർ ജോലി ലഭിക്കാത്തതെന്ന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് യു.ഷറഫലിയുടെ പ്രസ്താവനയിൽ വിവാദം. മുൻപ് ഒട്ടേറെ തവണ അപേക്ഷിച്ചിട്ടും തങ്ങൾക്കു ജോലി നിഷേധിക്കുകയാണുണ്ടായതെന്ന് അനസും റിനോയും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ഫുട്ബോൾ താരവും സ്പോർട്സ് കൗൺസിൽ അംഗവുമായ സി.കെ.വിനീതും ഷറഫലിയുടെ പ്രസ്താവനയെ തള്ളിപ്പറഞ്ഞു. അനസും റിനോയും ഉന്നയിക്കുന്നതു വൈകാരികമായ ആരോപണങ്ങളാണെന്നും വസ്തതുകളാണു താൻ പറഞ്ഞതെന്നുമാണ് വിവാദത്തിൽ ഷറഫലിയുടെ പുതിയ പ്രതികരണം.
‘എന്തുകൊണ്ടു ഷറഫലി അങ്ങനെ പറഞ്ഞതെന്ന് അദ്ദേഹത്തോടു തന്നെ ചോദിക്കണം. 36 വയസ്സു വരെ ജോലിക്ക് അപേക്ഷിക്കാമെന്നാണു ചട്ടം. ജോലി കിട്ടുന്നവരെ കളിക്കാൻ വിടുന്നില്ല. വകുപ്പുകളുടെ തലപ്പത്തുള്ളവരാണ് കാരണക്കാർ.’ – സി.കെ.വിനീത് (മുൻ ഇന്ത്യൻ താരം)
’31–ാം വയസ്സിൽ പൊലീസിൽ ജോലിക്ക് അപേക്ഷിച്ചിരുന്നു. ജോലി നൽകാൻ കഴിയില്ലെന്ന മറുപടി ലഭിച്ചു. ഹവിൽദാർ തസ്തികയ്ക്കു പോലും പരിഗണിക്കാൻ കഴിയാത്ത വിധം മോശമായ കളിക്കാരനാണോ ഞാൻ.’– അനസ് എടത്തൊടിക (മുൻ ഇന്ത്യൻ താരം)
‘അവർ സർക്കാർ ജോലിക്ക് അർഹരല്ല എന്ന് ഞാൻ പറഞ്ഞിട്ടില്ല. പക്ഷേ കളിയിൽ സജീവമായിരുന്ന കാലത്ത് ജോലിക്ക് അപേക്ഷിച്ചിരുന്നെങ്കിൽ വളരെ വേഗം മികച്ച പോസ്റ്റിങ് ലഭിക്കുമായിരുന്നു എന്നാണു ചൂണ്ടിക്കാട്ടിയത്. കേരള താരങ്ങൾ പ്രഫഷനൽ ക്ലബ്ബുകൾക്കു വേണ്ടി കളിക്കുന്നത് നല്ല പ്രതിഫലം വാങ്ങിയാണ്. അപ്പോൾ ചില നഷ്ടങ്ങളും സഹിക്കേണ്ടി വരും. ഞാനും ഐ.എം.വിജയനും ഉൾപ്പെടെയുള്ളവർ സർക്കാർ ജോലി നേടിയ ശേഷം ലീവ് എടുത്താണ് പ്രഫഷനൽ ക്ലബ്ബിൽ കളിച്ചത്.’ – യു.ഷറഫലി (സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്).