നാല് സ്വാശ്രയ ഡെന്റല്‍ കോളജുകളില്‍ ഇന്ന് സ്‌പോട്ട് അഡ്മിഷന്‍

medical

തിരുവനന്തപുരം: നാല് സ്വാശ്രയ ഡെന്റല്‍ കോളജുകളില്‍ ഒഴിവുള്ള 26 എന്‍.ആര്‍.ഐ സീറ്റുകളിലേക്ക് പ്രവേശന പരീക്ഷ കമീഷണര്‍ വെള്ളിയാഴ്ച സ്‌പോട്ട് അഡ്മിഷന്‍ നടത്തും.

തിരുവനന്തപുരം തൈക്കാട് സ്വാതിതിരുനാള്‍ ഗവ. സംഗീത കോളജ് ഓഡിറ്റോറിയത്തില്‍ രാവിലെ പത്തു മുതലാണ് പ്രവേശന നടപടി.

കഴിഞ്ഞ രണ്ട്, മൂന്ന് തീയതികളില്‍ നടത്തിയ സ്‌പോട്ട് അഡ്മിഷനില്‍ സീറ്റ് ഒഴിവു വന്ന പരിയാരം, കൊല്ലം അസീസിയ, വര്‍ക്കല ശ്രീശങ്കര, തിരുവല്ല പുഷ്പഗിരി എന്നീ ഡെന്റല്‍ കോളജുകളിലേക്കാണ് പ്രവേശനം.

എന്‍.ആര്‍.ഐ കാറ്റഗറി ലിസ്റ്റിലുള്ളവരുടെ അഭാവത്തില്‍ എന്‍.ആര്‍.ഐ യോഗ്യതകള്‍ തെളിയിക്കുന്ന രേഖകള്‍ കൈവശമുള്ളവരെയും പരിഗണിക്കും. എന്‍.ആര്‍.ഐ സീറ്റുകള്‍ക്ക് ആവശ്യക്കാര്‍ ഇല്ലാതെ വന്നാല്‍ അവ മാനേജ്മന്റെ്/മെറിറ്റ് സീറ്റുകളായി മാറ്റി പ്രവേശനം നടത്തും.

ബി.ഡി.എസ് കോഴ്‌സില്‍ മറ്റേതെങ്കിലും ഒഴിവുകള്‍ ഉണ്ടാകുന്നപക്ഷം അവയും ഈ സ്‌പോട്ട് അഡ്മിഷനില്‍ നികത്തും. നിലവില്‍ എം.ബി.ബി.എസ് പ്രവേശനം നേടിയിട്ടുള്ളവര്‍ക്ക് പ്രോസ്‌പെക്ടസ് വ്യവസ്ഥ പ്രകാരമുള്ള ലിക്വിഡേറ്റഡ് ഡാമേജസ് ഒടുക്കിയതിന് ശേഷമേ ബി.ഡി.എസ് സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാന്‍ കഴിയൂ. ഒരു ഡെന്റല്‍ കോളജില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിക്ക് അതേ ഫീസ് ഘടനയുള്ള മറ്റൊരു ഡെന്റല്‍ കോളജിലേക്ക് മാറ്റം അനുവദിക്കില്ല.

നിശ്ചിത തുകക്കുള്ള ഡിമാന്റ് ഡ്രാഫ്റ്റ് ഹാജരാക്കുന്നവരെ മാത്രമേ സ്‌പോട്ട് അഡ്മിഷനില്‍ പങ്കെടുപ്പിക്കുകയുള്ളൂ.

Top