വാഷിങ്ടണ്‍: കൊവിഡ് കൂടുതലുള്ള മേഖലകളില്‍ രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് യുഎസ് ആരോഗ്യ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഉയര്‍ന്ന കൊവിഡ് രോഗവ്യാപനമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ വീടിനുള്ളിലും പുറത്തും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍.
കൊവിഡ് പ്രതിരോധ കുത്തിവെപ്പില്‍ രാജ്യം കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയായി യുഎസില്‍ കൊവിഡ് രോഗവ്യാപന നിരക്ക് നേരിയ തോതില്‍ ഉയരുന്നുണ്ട്. തുടര്‍ന്നാണ് ബൈഡന്റെ പുതിയ ജാഗ്രതാ നിര്‍ദേശം. വൈറ്റ് ഹൗസിലെ മുഴുവന്‍ ജീവനക്കാര്‍ക്കും മാസ്‌ക് ധരിച്ച് ജോലിക്കെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഡെല്‍റ്റ വകഭേദം അതിവേഗത്തില്‍ പടര്‍ന്ന് പിടിച്ചതിനാല്‍ കേസുകള്‍ കൂടാമെന്ന് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ റോച്ചല്‍ വലന്‍സ്‌കി പറഞ്ഞു. കൊവിഡ് ഉയര്‍ന്ന പ്രദേശങ്ങളില്‍ പൂര്‍ണ്ണമായും വാക്‌സിനേഷന്‍ ലഭിച്ച ആളുകള്‍ വീടിനകത്തും പുറത്തിറങ്ങുമ്പോഴും മാസ്‌ക് ധരിക്കണമെന്നും സിഡിസി പറയുന്നു.