തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ ഉയരുന്നതിനൊപ്പം ആശുപത്രികളിലെത്തുന്നവരുടെ എണ്ണത്തിലും നേരിയ വർധനവ്. ഗുരുതര രോഗികളുടെ എണ്ണം കൂടിയാൽ നേരിടാനായി മെഡിക്കൽ കോളേജുകളുൾപ്പടെ ഒരുക്കം തുടങ്ങി. രോഗപ്രതിരോധ ശേഷിയെ മറികടക്കാൻ ശേഷിയുള്ള വകഭേദമായതിനാൽ ജാഗ്രത ശക്തമാക്കണമെന്ന മുന്നറിയിപ്പാണ് ആരോഗ്യ വിദഗ്ധർ നൽകുന്നത്. കൊവിഡ് കേസുകളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ ഒരാഴ്ച സൂക്ഷ നിരീക്ഷണം നടത്തുകയാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ക്ലസ്റ്ററുകൾ രൂപപെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൊവിഡ് കേസുകളിൽ ഉണ്ടായ ഉയർച്ച ആനുപാതികമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലും പ്രതിഫലിച്ച് തുടങ്ങിയിട്ടുണ്ട്. ആക്റ്റീവ് രോഗികളിൽ പത്ത് ശതമാനം പേർക്കാണ് ആശുപത്രികളിൽ ചികിത്സ വേണ്ടി വരുന്നത്. മെഡിക്കൽ കോളേജുകളിൽ എത്തുന്ന ഗുരുതര രോഗികളുടെ എണ്ണത്തിലും നേരിയ വർധനവ് പ്രകടമാകുന്നതായി അധികൃതർ പറയുന്നു. പ്രതിദിന രോഗികളുടെ എണ്ണം കൂടിയാൽ ഐസിയു, വെന്റിലേറ്റർ ആവശ്യമുള്ള രോഗികളും കൂടുമെന്നത് കൊണ്ടാണ് മെഡിക്കൽ കോളേജുകളുൾപ്പടെ സർജ് പ്ലാൻ ഇതിനോടകം തയാറാക്കുന്നത്. രോഗപ്രതിരോധ ശേഷിയെ ഭേദിക്കുന്ന വകഭേദമായതിനാൽ ജാഗ്രത ശക്തമാക്കണമെന്ന മുന്നറിയിപ്പാണ് വിദഗ്ദരും നൽകുന്നത്. മറ്റു രോഗങ്ങളുള്ളവർക്കും പ്രായമായവർക്കും പ്രത്യേക ജാഗ്രത.
ഇപ്പോഴത്തെ കൊവിഡ് വ്യാപനത്തിൽ കോവിഡ് വൈറസ് വകഭേദമാണോയെന്നതറിയാൻ ജിനോം പരിശോധനയാകും നിർണായകമാവുക. അതേസമയം, ഇന്നലെ മരണ കണക്കിൽ വന്ന പിഴവില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. സംഭവിച്ചത് ക്ലറിക്കൽ തെറ്റാണ്. അന്വേഷിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.