Spreading superstition should take action against jail superintendent; vs achuthandhan

തിരുവനന്തപുരം: ജയിലില്‍ ഗോമാതാ പൂജ നടത്തി അന്ധവിശ്വാസം പ്രചരിപ്പിക്കാന്‍ കൂട്ടുനിന്ന ജയില്‍ സൂപ്രണ്ടിനെതിരെ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് വി.എസ്.അച്യുതാനന്ദന്‍.

കാസര്‍കോട് തുറന്ന ജയിലില്‍ വ്യാജ സന്യാസി എന്ന ആരോപണത്തിന് വിധേയനായ ഒരാളുടെ കാര്‍മികത്വത്തില്‍ ആര്‍ എസ് എസുകാരായ തടവുകാര്‍ ഉള്‍പ്പെടെ ചേര്‍ന്ന് ഇത്തരം ഒരു പൂജ നടത്തിയതിന്റെ ദൃശ്യങ്ങളും വിവരങ്ങളുമാണ് പുറത്തു വന്നിട്ടുള്ളത്.

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ സന്ധിയില്ലാത്ത പോരാട്ടങ്ങള്‍ നടത്തിയാണ് കേരളം മുന്നേറിയതും ഇപ്പോള്‍ വജ്രജൂബിലി തിളക്കത്തില്‍ എത്തിയിരിക്കുന്നതും. ഇത്തരമൊരു സന്ദര്‍ഭത്തില്‍ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും പുനരാനയിക്കാനുള്ള ശ്രമങ്ങള്‍ അത്യന്തം അപലപനീയമാണെന്ന് വി എസ് അഭിപ്രായപ്പെട്ടു.

പോലീസ് അധികാരികളും ജയില്‍ മേധാവികളുമൊക്കെ ഇതിനു കൂട്ടു നില്‍ക്കുന്നു എന്നത് അത്യന്തം അപകടകരവുമാണ്. ജയിലുകളെ പോലും കാവിവത്ക്കരിക്കാനുള്ള ആര്‍ എസ് എസിന്റെ ഗൂഢ നീക്കങ്ങള്‍ക്ക് ജയിലധികാരികള്‍ വഴങ്ങുന്നുവെന്നത് ഗൗരവമായി കാണേണ്ടതുണ്ട്.

ഈ പശ്ചാത്തലത്തില്‍ ഇത്തരം അസംബന്ധ നടപടികള്‍ക്ക് സഹായം ചെയ്ത ജയില്‍ സൂപ്രണ്ടിനും മറ്റു ഉദ്യോഗസ്ഥര്‍ക്കുമെതിരെ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും വി.എസ്.ആവശ്യപ്പെട്ടു.

Top