സ്പ്രിംക്ലര്‍ വിവാദം; സര്‍ക്കാരിനെതിരെ ചോദ്യങ്ങളുമായി ഹൈക്കോടതി

കൊച്ചി: സ്പ്രിംക്ലര്‍ വിവാദത്തില്‍ സര്‍ക്കാരിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തി ഹൈക്കോടതി. കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ മേലുള്ള വാദം കേട്ടശേഷമാണ് കോടതി സര്‍ക്കാരിനെതിരെ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്.

സര്‍ക്കാരിനു വേണ്ടി സൈബര്‍ വിദഗ്ദ്ധയായ അഭിഭാഷക എന്‍.എസ് നപ്പിനൈ ആണ് ഹാജരായത്.


സര്‍ക്കാരിനെതിരെ ഉന്നയിച്ച ചോദ്യങ്ങള്‍

• നിയമവകുപ്പ് കാണാതെ ഐ.ടി സെക്രട്ടറി എന്തിന് സ്വന്തം നിലയില്‍ തീരുമാനമെടുത്തു.
• ന്യൂയോര്‍ക്ക് കോടതിയെ എന്തിന് വ്യവഹാരത്തിന് വെച്ചു.
• ഡേറ്റ ചോര്‍ച്ച ഉണ്ടായാല്‍ ആര്‍ക്കെതിരെ കേസ് കൊടുക്കണം.
• ഡബ്ല്യൂ എച്ച് ഒയ്ക്ക് കൊടുത്ത സോഫ്റ്റുവെയറും കേരളത്തിന്റെ സോഫ്റ്റുവെയറും
രണ്ടല്ലേ..
• സ്വകാര്യതയും വിവരസുരക്ഷയും പ്രധാനമല്ലേ.
• സ്പ്രിംക്ലറിന്റെ വിശ്വാസ്യതയെക്കുറിച്ച് സര്‍ക്കാര്‍ എന്തുകൊണ്ട് പറയുന്നില്ല.
• കോവിഡിന് മുമ്പ് സ്പ്രിംക്ലറുമായി ചര്‍ച്ച നടത്തിയത് എന്തിന്
• സ്പ്രിംക്ലറിന് എല്ലാ ഡേറ്റയിലും നിയന്ത്രണമുണ്ടോ
• ഡേറ്റ ചോര്‍ച്ചയില്‍ അമേരിക്കയില്‍ കേസ് നടത്തേണ്ട സാഹചര്യമുണ്ടാകുമോ
• എങ്ങനെയാണ് സ്പ്രിംക്ലര്‍ മാത്രം എത്തിയത്

വിവര സംരക്ഷണം മൗലികാവകാശമാണെന്നും അത് ലംഘിക്കുന്ന കരാര്‍ റദ്ദാക്കണമെന്നും ഡേറ്റാ സുരക്ഷയുടെ കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ലാത്തതിനാല്‍ അരക്ഷിതാവസ്ഥ തുടരുകയാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു.

അതേസമയം,ഇതുവരെ സ്പ്രിംക്ലറില്‍ അപ് ലോഡ് ചെയ്ത ഡേറ്റയുടെ കാര്യത്തില്‍ എന്ത് സുരക്ഷയാണ് നല്‍കാനാകുക എന്നതിന് വ്യക്തമായൊരു വിശദീകരണം സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല ശേഖരിക്കുന്ന വിവരങ്ങള്‍ സുരക്ഷിതമാണോയെന്ന് യാതൊരു കാരണവശാലും പറയാനാകുന്നില്ലെന്നും ഹര്‍ജിക്കാര്‍ പറഞ്ഞു.

എന്നാല്‍ സ്വകാര്യത ചോരുമോയെന്ന ഭയമാണോ ഹര്‍ജിക്കാരനെന്ന് കോടതി ചോദിച്ചു. തന്റെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുമെന്നാണ് ആശങ്കയെന്ന് ഹര്‍ജിക്കാരന്‍ മറുപടി നല്‍കി.

സ്പ്രിംക്ലര്‍ കമ്പനിയുമായി കരാറ് ഉണ്ടാക്കുന്നതിന് മുമ്പ് തന്നെ കമ്പനിക്ക് ഡേറ്റ കൈമാറാന്‍ തദ്ദേശ സ്വയം ഭരണ സെക്രട്ടറി ഉത്തരവ് ഇറക്കിയെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ അഭിഭാഷകന്റെ വാദം.

നിലവിലെ വ്യവസ്ഥകള്‍ വെച്ച് ഈ കരാര്‍ റദ്ദാക്കപ്പെടേണ്ടതാണെന്നും വ്യക്തികളുടെ വിവരങ്ങള്‍ പുറത്തുപോകുന്നത് രാജ്യ താത്പര്യത്തിന് തന്നെ എതിരാണെന്നും ചെന്നിത്തലയുടെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.

യാതൊരു കാരണവശാലും ഡേറ്റ ചോരില്ലെന്നും മൂന്നമതൊരാള്‍ക്ക് ഇതില്‍ തൊടാന്‍ പോലുമാകില്ലെന്നായിരുന്നു സര്‍ക്കാര്‍ നേരത്തെ കോടതിയെ ബോധിപ്പിച്ചത്. നിയമപരമായ എല്ലാ ബാധ്യതയും ലഭിക്കുമെന്നും ഡേറ്റ സൂക്ഷിച്ചിരുക്കുന്നത് മുംബൈയിലെ ആമസോണ്‍ ക്ലൗഡിലാണെന്നും പരീക്ഷണഘട്ടത്തില്‍ മാത്രമാണ് സ്വകാര്യ കമ്പനിയുടെ സര്‍വറിലേക്ക് ഡേറ്റ പോയതെന്നും പിന്നീട് പാസ് വേഡ് മാറ്റി സര്‍ക്കാരിന്റെ നിയന്ത്രണത്തിലാക്കിയെന്നും സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.

Top