തിരുവനന്തപുരം: സ്പ്രിംക്‌ളര്‍ വിഷയത്തില്‍ സര്‍ക്കാരിന് വീഴച്ചുണ്ടായോ എന്ന് പരിശോധിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മുന്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയും കേന്ദ്ര ഐടി സ്‌പെഷല്‍ സെക്രട്ടറിയുമായിരുന്ന എം.മാധവന്‍ നമ്പ്യാര്‍ ഐഎഎസ് (റിട്ട), ആരോഗ്യവകുപ്പ് മുന്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐഎഎസ് (റിട്ട) എന്നിവരാണ് സമിതി അംഗങ്ങള്‍. ഇവര്‍ വിഷയം വിശദമായി പരിശോധിച്ച് ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
സ്പ്രിംക്ലറുമായി ഉണ്ടാക്കിയ കരാറില്‍ ജനങ്ങളുടെ വ്യക്തി വിവരങ്ങള്‍ സംരക്ഷിക്കാനുള്ള നിര്‍ദേശങ്ങളുണ്ടോയെന്ന് സമിതി പരിശോധിക്കും. കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോ. ഇതില്‍നിന്ന് എന്തെങ്കിലും വ്യതിയാനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഈ അസാധാരണ സാഹചര്യത്തെ മുന്‍നിര്‍ത്തി ന്യായീകരിക്കാവുന്നതാണോ തുടങ്ങിയ കാര്യങ്ങളും സമിതി പരിശോധിക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളി ആന്റ് മാനേജ്‌മെന്റ് കേരള സമിതിക്കാവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.