സ്പ്രിംക്‌ളര്‍, പ്രവാസികളുടെ മടക്കം, പെരിയാര്‍ മലിനീകരണം; ഹൈക്കോടതിയില്‍ മൂന്ന് സുപ്രധാന ഹര്‍ജികള്‍

കൊച്ചി: കൊവിഡ് പ്രതിരോധവും പ്രവാസികളുടെ മടക്കവും സ്പ്രിംക്‌ളര്‍ കരാറുമടക്കം ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കുന്നത് മൂന്ന് സുപ്രധാനഹര്‍ജികള്‍. ലോകവ്യാപകമായി ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് യുഎഇയില്‍ കുടുങ്ങിയവരെ നാട്ടില്‍ തിരിച്ചെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.

പ്രവാസികള്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതില്‍ അടക്കം സ്വീകരിച്ച നടപടികള്‍ കേന്ദ്രസര്‍ക്കാരും, നാട്ടിലെത്തുമ്പോഴുള്ള സജ്ജീകരണങ്ങള്‍ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരും ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ അടക്കമുള്ള മലയാളി നഴ്‌സുമാരെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എം പി സമര്‍പ്പിച്ച ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.

ഗള്‍ഫ് രാജ്യങ്ങളിലേക്കു മരുന്നുമായി മെഡിക്കല്‍ സംഘത്തെ അയക്കണമെന്ന ഹര്‍ജിയും കോടതിയുടെ പരിഗണനയ്ക്ക് വരും. എന്നാല്‍ ലോകമാകെ കോവിഡ് രോഗ വ്യാപനം നടക്കുന്ന സാഹചര്യത്തില്‍ യുഎഇയില്‍ നിന്നടക്കം വിദേശത്ത് നിന്ന് ഇന്ത്യന്‍ പൗരന്‍മാരെ നാട്ടിലേക്കെത്തിക്കുന്നത് പ്രായോഗികമല്ലെന്നാണ് നേരത്തേ കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

സ്പ്രിംക്‌ളര്‍ കരാര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ എന്നിവരടക്കം നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുന്നത്. കരാര്‍ വ്യക്തി സ്വകാര്യത സംരക്ഷിക്കുമെന്ന് ഉറപ്പാക്കുന്നില്ലെന്നാണ് ചൂണ്ടികാട്ടി കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ വിവര ചോര്‍ച്ച ഇല്ലെന്ന് ഉറപ്പാക്കാനുള്ള വ്യവസ്ഥകള്‍ കരാറിലുണ്ടെന്നാണ് സംസ്ഥാനസര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.

പെരിയാറിലെ മലിനീകരണം സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പരിശോധനാറിപ്പോര്‍ട്ട് ഹൈക്കോടതി ഇന്ന് പരിഗണിക്കും. കൊവിഡ് കാലത്ത് പെരിയാര്‍ മലിനമായതുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. ഈ കേസിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രചരിച്ച വാട്സ് ആപ്പ് ദൃശ്യങ്ങളും കോടതി പരിശോധിച്ചിരുന്നു.

Top