സ്പ്രിംഗ്ലറിന്റെ കൈവശം വിവരങ്ങള്‍ സുരക്ഷിതമോ? സര്‍ക്കാരിനോട് ഹൈക്കോടതി

കൊച്ചി: സ്പ്രിംഗ്ലര്‍ വിവാദത്തില്‍ സര്‍ക്കാര്‍ വാദം തള്ളി ഹൈക്കോടതി. മെഡിക്കല്‍ വിവരങ്ങള്‍ പ്രാധാന്യമുള്ളതാണ്. വിവരങ്ങള്‍ സ്പ്രിംഗ്ലറിന്റെ കൈവശം സുരക്ഷിതമാണോ എന്ന കാര്യം കോടതിയെ അറിയിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു.

കമ്പനിയുമായുണ്ടാക്കിയ കരാറില്‍ സ്വകാര്യത ഉറപ്പുവരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് നിര്‍ദേശിച്ച കോടതി നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കുന്നില്ല എന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും വ്യക്തമാക്കി.

വിവാദത്തിൽ വിശദീകരണം ആവശ്യപ്പെട്ട് കമ്പനിക്ക് മെയിൽ അയക്കാൻ ഹൈക്കോടതി നിർദേശം നൽകി.

ഈ സോഫ്റ്റ് വെയര്‍ വഴി നിര്‍ണായകമായ ഡേറ്റ ഒന്നും ശേഖരിക്കുന്നില്ല എന്ന വാദമാണ് സര്‍ക്കാര്‍ കോടതിയില്‍ ഉയര്‍ത്തിയത്. അടിയന്തര സാഹചര്യത്തില്‍ പ്രവര്‍ത്തിക്കേണ്ടതിനാലാണ് സര്‍ക്കാരിന് ഇതു സംബന്ധിച്ച തീരുമാനം പെട്ടെന്ന് എടുക്കേണ്ടി വന്നത്. സംസ്ഥാനത്ത് ലഭ്യമായ സൗകര്യങ്ങള്‍ ഡേറ്റ വിശകലനത്തിന് പര്യാപ്തമല്ലാത്തതിനാലാണ് കരാര്‍ സ്പ്രിന്‍ക്ലറിനെ ഏല്‍പിക്കേണ്ടി വന്നതെന്നുമാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വിശദീകരിച്ചത്.

സ്പ്രിംഗ്ലറിന് ഇപ്പോഴും ഡാറ്റ കൈമാറുന്നുണ്ടോ എന്നും കൈമാറുന്ന ഡാറ്റയുടെ സുരക്ഷിതത്വം ഉറപ്പാക്കിയിട്ടുണ്ടോ എന്നുമുള്ള കാര്യം പതിനഞ്ച് മിനിട്ടിനകം കോടതിയെ അറിയിക്കണമെന്ന് സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു.

Top