സ്പുട്‌നിക് വി വാക്‌സിൻ ഉല്‍പ്പാദന യൂണിറ്റ് ബഹ്‌റൈനില്‍ സ്ഥാപിക്കും

മനാമ: റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക് വിയുടെ ഉല്‍പ്പാദന യൂണിറ്റ് ബഹ്‌റൈനില്‍ സ്ഥാപിക്കാന്‍ ധാരണ. ഇതുമായി ബന്ധപ്പെട്ട് ബഹ്‌റൈനും റഷ്യയും തമ്മില്‍ കരാറിലൊപ്പിട്ടു. സ്പുട്‌നിക് വാക്‌സിൻ്റെ മധ്യപൗരസ്ത്യ ദേശത്തെ ആദ്യ ഉല്‍പ്പാദന പ്ലാൻ്റായിരിക്കും ബഹ്‌റൈനിലേത്.

സ്പുട്‌നിക് വി മെയ്ഡ് ഇന്‍ ബഹ്‌റൈന്‍ ജിസിസിയിലെയും മെന പ്രദേശത്തെയും രാജ്യങ്ങളില്‍ വിതരണം ചെയ്യാനാണ് പദ്ധതി. ലോകത്ത് കൊവിഡിൻ്റെ പുതിയ വകഭേദങ്ങള്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് കൂടുതല്‍ വാക്‌സിന്‍ നിര്‍മിക്കുന്നതിനുള്ള കരാറില്‍ ഇരുരാജ്യങ്ങളും എത്തിച്ചേര്‍ന്നത്.

റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെൻ്റ് ഫണ്ടുമായും വാക്‌സിന്‍ നിര്‍മാതാക്കളായ ബിനോഫാം ഗ്രൂപ്പുമായുള്ള തങ്ങളുടെ മികച്ച ബന്ധമാണ് കൊവിഡിനെതിരായ പ്രതിരോധത്തിൻ്റെ മുന്‍നിരയില്‍ നില്‍ക്കാനും മേഖലയുടെ ആരോഗ്യ സുരക്ഷ ശക്തിപ്പെടുത്താനും ഉതകുന്ന പുതിയ സംരംഭത്തിന് സഹായകമായതെന്ന് ബഹ്‌റൈന്‍ സോവറിന്‍ വെല്‍ത്ത് ഫണ്ടായ മുംതലക്കാത്തിന്റെ സിഇഒ ഖാലിദ് അല്‍ റുമൈഹി അഭിപ്രായപ്പെട്ടു.

പുതിയ പ്ലാൻ്റ് ബഹ്‌റൈനില്‍ യാഥാര്‍ഥ്യമാവുന്നതോടെ വാക്‌സിൻ്റെ ലഭ്യത വര്‍ധിപ്പിക്കാനും മേഖലയിലെ കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്താനും സാധിക്കുമെന്ന് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെൻ്റ് ഫണ്ട് സിഇഒ കിരില്‍ ദിമിത്രിയേവും പറഞ്ഞു.

 

Top