കോവിഡിന്റെ എന്‍ ജീന്‍ കണ്ടെത്തുന്ന കിറ്റുകള്‍ വികസിപ്പിച്ച് ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍

തിരുവനന്തപുരം: കോവിഡ് വൈറസിന്റെ എന്‍ ജീന്‍ കണ്ടെത്തുന്ന കിറ്റുകള്‍ വികസിപ്പിച്ച് തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍. ആര്‍ടി ലാംപ് സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ അടിസ്ഥാന കിറ്റുകളാണ് ശ്രീചിത്ര വികസിപ്പിച്ചെടുത്തത്. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ ഉപകരണത്തിന് നൂറുശതമാനം കൃത്യതയുള്ളതായി ഉറപ്പിച്ചതായും അറിയിച്ചു.

ലോകത്ത് ആദ്യമായാണ് കൊറോണ വൈറസിന്റെ എന്‍ ജീന്‍ കണ്ടെത്തുന്ന ഉപകരണം വികസിപ്പിച്ചെടുത്തത്. ഉപകരണം വികസിപ്പെടുത്ത വിവരം ഐ.സി.എം.ആറിനെ അറിയിച്ചതായും അനുമതി ലഭിച്ചാല്‍ വാണിജ്യാടിസ്ഥാനത്തില്‍ വികസിപ്പിക്കുമെന്നും ശ്രീചിത്ര വ്യക്തമാക്കി.

ജനിതക വ്യതിയാനം ഉണ്ടായാല്‍ പോലും ഫലം ശരിയായ രീതിയില്‍ ലഭ്യമാക്കുന്ന രീതിയിലുള്ളതാണ് വികസിപ്പിച്ചെടുത്ത ഉപകരണം. പരിശോധനക്ക് എടുക്കുന്ന സമയം, കൃത്യത എന്നിവയാണ് ഇവയില്‍ പ്രധാനം. ഈ ഉപകരണം വഴി പത്തുമിനിട്ടിനുള്ളില്‍ ഫലം ലഭിക്കും.

ഒരു മെഷീനില്‍ ഒരു ബാച്ചില്‍ 30ഓളം സാമ്പിളുകള്‍ പരിശോധിക്കാവുന്ന രീതിയിലാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതോടെ പരിശോധന വ്യാപകമാക്കാന്‍ സാധിക്കുമെന്നും ഒരു പരിശോധനക്ക് ആയിരത്തില്‍ താഴെ മാത്രമേ ചിലവ് വരുവെന്നും ശ്രീചിത്ര വ്യക്തമാക്കി.

ശ്രീചിത്ര ഡയറക്ടര്‍ ഡോ. ആശ കിഷോര്‍, ഡോ. ഹരികൃഷ്ണ വര്‍ണ, ഡോ. അനൂപ് കുമാര്‍ ശാസ്ത്രജ്ഞരായ അമല്‍ വില്‍സണ്‍, സ്വാതി എസ്. നായര്‍, രസിത എന്നിവരടങ്ങുന്ന സംഘമാണ് ഉപകരണം വികസിപ്പിച്ചെടുത്തത്.

Top