തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് 19 ടെസ്റ്റുകള്‍ ഇനി വേഗത്തിലാകും. തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് വികസിപ്പിച്ചെടുത്ത ആര്‍എന്‍എ എക്സ്ട്രാക്ഷന്‍ കിറ്റ് ‘ചിത്ര മാഗ്‌ന’യ്ക്ക് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. ഇതോടെ ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പിച്ച കിറ്റുകള്‍ക്ക് ഉല്‍പ്പാദനം ഉടന്‍ ആരംഭിക്കാനാകും.
കോവിഡ്-19 പിസിആര്‍, ലാംപ് പരിശോധനകള്‍ക്കായി മാഗ്‌നറ്റിക് ബീഡ് അടിസ്ഥാന ആര്‍എന്‍എ എക്സ്ട്രാക്ഷന്‍ കിറ്റാണ് ശ്രീചിത്ര വികസിപ്പിച്ചത്. കിറ്റുകള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ ഉല്‍പാദിപ്പിക്കാന്‍ കൊച്ചി ആസ്ഥാനമായ അഗാപ്പെ ഡയഗ്‌നോസ്റ്റിക്സ് കമ്പനിയുമായി കരാറായി.
സ്രവങ്ങളില്‍നിന്ന് ആര്‍എന്‍എ വേര്‍തിരിക്കുന്നതിനായി നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ശ്രീചിത്ര വികസിപ്പിച്ചെടുത്ത ആര്‍എന്‍എ എക്സ്ട്രാക്ഷന്‍ കിറ്റാണ് ചിത്ര മാഗ്ന. രോഗിയില്‍ നിന്ന് ശേഖരിച്ച സാംപിളില്‍നിന്ന് ആര്‍.എന്‍.എ. പിടിച്ചെടുക്കുന്നതിനും കേന്ദ്രീകരിക്കുന്നതിനുമായി കാന്തിക നാനോ പാര്‍ട്ടിക്കിളുകള്‍ ഉപയോഗിക്കുന്നുവെന്നതാണ് ചിത്ര മാഗ്ന എന്ന നൂതന കിറ്റിന്റെ പ്രത്യേകത.
ചിത്ര മാഗ്ന കിറ്റ് പരിശോധനയില്‍ കാന്തിക സൂക്ഷ്മകണങ്ങള്‍ വൈറസിലെ ആര്‍.എന്‍.എ.യെ പൊതിയുകയും കാന്തികമണ്ഡലത്തിലേക്ക് കൊണ്ടുവരുമ്പോള്‍ വന്‍തോതില്‍ അവയെ കേന്ദ്രീകരിക്കുകയും ചെയ്യും. വിപണിയില്‍ ലഭ്യമായ മറ്റ് ആര്‍.എന്‍.എ. വേര്‍തിരിക്കല്‍ കിറ്റുകളുമായി താരതമ്യംചെയ്ത് നടത്തിയ പരീക്ഷണങ്ങളില്‍ ചിത്ര മാഗ്ന കിറ്റ് ഉപയോഗിക്കുമ്പോള്‍ ആര്‍.എന്‍.എ. കേന്ദ്രീകരണം ഏഴുമടങ്ങുവരെ കൂടുതലാണെന്ന് വ്യക്തമായിട്ടുണ്ട്. ഇത് രോഗബാധിതരെ കണ്ടെത്താനുള്ള സാധ്യത വര്‍ധിപ്പിക്കും.
രോഗികളില്‍നിന്നുള്ള സ്രവം ശേഖരിച്ച് സൂക്ഷിക്കുമ്പോഴും ലാബിലേക്ക് കൊണ്ടുപോകുമ്പോഴും ചില വൈറസുകളുടെ ആര്‍എന്‍എ വിഘടിച്ചു പോകാറുണ്ട്. ഇങ്ങനെയുള്ള ആര്‍എന്‍എയും പിടിച്ചെടുക്കാന്‍ മാഗ്‌നറ്റിക് ബീഡ് അടിസ്ഥാന സാങ്കേതിക വിദ്യയ്ക്ക് കഴിയും. ഇതു ചിത്ര മാഗ്‌നയുടെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു.
ഇറക്കുമതിചെയ്യുന്ന കിറ്റുകളില്‍ ഉപയോഗിച്ചതിനെക്കാള്‍ ലളിതമായ സാങ്കേതിവിദ്യയാണ് ചിത്ര മാഗ്‌നയില്‍ പ്രയോജനപ്പെടുത്തിയത്. ചിത്ര ജീന്‍ലാംപ് എന്‍ വികസിപ്പിച്ചെടുത്ത ഡോ. അനൂപ് തെക്കുവീട്ടിലിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് ചിത്ര മാഗ്‌നയും വികസിപ്പിച്ചെടുത്തിരിക്കുന്നത്.