തൃശൂര്‍: കേരളവര്‍മ കോളേജിലെ സരസ്വതി ചിത്രവുമായി ബന്ധപ്പെട്ട് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനു ഹിന്ദു സംഘടനകളുടെ വധഭീഷണി.
മുഖത്ത് ആസിഡ് ഒഴിക്കണമെന്നാണ് ആഹ്വാനം. എം.എഫ്. ഹുസൈന്റെ ചിത്രം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജ് ക്യാംപസില്‍ വരച്ചതിനെ അനുകൂലിച്ചതാണു ഹിന്ദു ഗ്രൂപ്പുകളുടെ എതിര്‍പ്പിനു കാരണം.
സംഘപരിവാര്‍ സംഘടനകളുടെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലാണു വധഭീഷണി. ഇന്നു തൃശൂര്‍ എങ്ങണ്ടിയൂരില്‍ ദീപ പങ്കെടുക്കുന്ന പരിപാടി തടയുമെന്നും ഭീഷണിയുണ്ട്.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും ദീപ നിശാന്ത് പരാതി നല്‍കി.
എസ്എഫ്‌ഐ കേരളവര്‍മ കോളജില്‍ സ്ഥാപിച്ച ഹുസൈന്റെ ‘സരസ്വതി’ ചിത്രം പതിച്ച ബോര്‍ഡിനു നേരയുള്ള സംഘപരിവാര്‍ ആക്രമണങ്ങളെ വിമര്‍ശിച്ചതിനുള്ള മറുപടിയായി, ദീപ നിശാന്തിന്റെ ചിത്രം മോര്‍ഫ് ചെയ്ത് സൈബര്‍ ഇടത്തില്‍ പോസ്റ്റ് ചെയ്തിരുന്നു.
നഗ്‌നയായ സ്ത്രീയുടെ ശരീരത്തില്‍ ദീപയുടെ മുഖം ചേര്‍ത്തുവച്ച് ഇതു ഞങ്ങളുടെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ് എന്ന തരത്തിലുള്ള പ്രചരണമാണു നടത്തിയത്. ഒന്നിലധികം ഫേക്ക് ഐഡികളിലൂടെ നടത്തിയ ഈ സൈബര്‍ കുറ്റകൃത്യത്തെ നിയമപരമായി നേരിടുമെന്നു ദീപ നിശാന്ത് അറിയിച്ചു.
വിഖ്യാത ചിത്രകാരന്‍ എം എഫ് ഹുസൈന്‍ വരച്ച സരസ്വതി ചിത്രം പതിച്ച ബോര്‍ഡ് കോളേജില്‍ ഒരു വിദ്യാര്‍ത്ഥി സംഘടന ഉപയോഗിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കം.