sree padmanabha swami temple-madyapradesh -MLA team-block

തിരുവനന്തപുരം :മധ്യപ്രദേശില്‍ നിന്നുളള എംഎല്‍എമാരുടെ സംഘത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വെച്ച് അമ്പലത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അപമാനിച്ചതായി പരാതി.

എംഎല്‍എമാരോട് പാസെടുത്ത് ഉളളില്‍ കയറാന്‍ സെക്യൂരിറ്റി ജീവനക്കാര്‍ ആജ്ഞാപിച്ചതായാണ് ആരോപണം. കിഴക്കേ ഗോപുരം വഴി കയറ്റാന്‍ അനുമതിയുണ്ടായിട്ടും പാസെടുത്ത് തെക്കേ ഗോപുരം വഴി മാത്രമേ കയറ്റൂ എന്നു ജീവനക്കാര്‍ വാശിയെടുത്തു.

പിന്നീട് പൊലീസ് ഇടപെട്ടാണ് ഇവരെ അകത്തു കയറ്റിയത്. സംഭവത്തില്‍ ജീവനക്കാരുടെ ഭാഗത്ത് വീഴ്ച പറ്റിയതായി ക്ഷേത്രം ഡിസിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.

മധ്യപ്രദേശില്‍ നിന്നുള്ള ഏഴംഗ എംഎല്‍എമാരുടെ സംഘത്തെയാണ് ക്ഷേത്രം ജീവനക്കാര്‍ കിഴക്കേ ഗോപുരനടയില്‍ തടഞ്ഞത്. മധ്യപ്രദേശ് നിയമസഭാ പെറ്റീഷന്‍ കമ്മിറ്റി അംഗങ്ങളായ ഇവര്‍ കേരള നിയമസഭയുടെ അതിഥികളായാണ് തിരുവനന്തപുരത്ത് എത്തിയത്.

ഇന്നു രാവിലെ ഏഴുമണിയോടെ ക്ഷേത്രത്തിലെത്തിയ ഇവരെ കിഴക്കേ ഗോപുരനടയിലൂടെ കടത്തിവിടണമെന്നു കാട്ടി നിയമസഭാ പ്രോട്ടോക്കോള്‍ ഓഫീസര്‍ കത്തു നല്‍കിയിരുന്നു.

ഇവരെ 10 മിനിറ്റോളം തടഞ്ഞുവച്ചതായും പരാതി ഉയര്‍ന്നിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പെട്ട പൊലീസ് ഇടപെട്ടാണ് സംഘത്തെ കിഴക്കേഗോപുരനട വഴി തന്നെ അകത്തു കയറ്റിയത്.

എന്നാല്‍, ക്യൂവിലുണ്ടായിരുന്ന ഭക്തര്‍ ബഹളമുണ്ടാക്കിയതു കൊണ്ടാണ് ഇവരെ തടഞ്ഞതെന്നാണ് ക്ഷേത്രം അധികാരികള്‍ നല്‍കുന്ന വിശദീകരണം.

Top