തന്റെ മകള്‍ ജാന്‍വിയെയും സെയഫ് അലി ഖാന്റെ മകള്‍ സാറയെയും തമ്മില്‍ താരതമ്യം നടത്തുന്നതില്‍ അസ്വസ്ഥത പ്രകടിപ്പിച്ച് ബോളിവുഡ് താര റാണി ശ്രീദേവി.
ജാന്‍വിയും, സാറയും ഒന്നിച്ചാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുവാന്‍ ഒരുങ്ങുന്നതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
എന്നാല്‍, സാറ നായികയാകുന്ന കേദാര്‍നാഥിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചിട്ടും ജാന്‍വിയുടെ സിനിമയുടെ ചിത്രീകരണം തുടങ്ങിയിട്ടില്ലെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ എത്തിയിരുന്നു.
തന്റെ മകളെ ഇത്തരത്തില്‍ താഴ്ത്തിക്കെട്ടുന്നതിനെതിരെയാണ് താരം പ്രതികരിക്കുന്നത്.
ജാന്‍വി ഒരു തെലുങ്ക് സിനിമയില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല.
മക്കളെ അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് വിടാനാണ് തനിക്ക് താത്പര്യമെന്നും, അനാവശ്യമായ നിര്‍ദേശങ്ങളുമായി അവര്‍ക്ക് മുന്നിലെത്താറില്ലെന്നും ശ്രീദേവി പറയുന്നു.
അമ്മയെന്ന നിലയില്‍ തെറ്റും ശരിയെക്കുറിച്ചും പഠിപ്പിക്കാം. എല്ലാ കാര്യങ്ങളെക്കുറിച്ചും ടിപ്‌സും നല്‍കാം. എങ്ങനെ ഭക്ഷണം കഴിക്കണമെന്നും വസ്ത്രം ധരിക്കണമെന്നുമൊക്കെ സംസാരിക്കാം അതിനപ്പുറത്തേക്ക് നമുക്കധികാരമില്ല താരം വ്യക്തമാക്കി.
സിനിമയില്‍ താരങ്ങള്‍ തമ്മിലുള്ള താരതമ്യം ആരോഗ്യകരമായ മത്സരത്തിന് വഴിയൊരുക്കും, എന്നാല്‍ താരമക്കളുടേത് അങ്ങനെയല്ലെന്നും, അവരെ തളര്‍ത്താന്‍ മാത്രമേ അത് ഉപകരിക്കൂവെന്നും ശ്രീദേവി കൂട്ടിച്ചേര്‍ത്തു.