ശ്രീധരനെ ചെയര്‍മാനാക്കിയാല്‍ എയര്‍ ഇന്ത്യയെ രക്ഷിക്കാനാകുമെന്ന് ആനന്ദ് മഹീന്ദ്ര

ന്യൂഡല്‍ഹി: ഇന്ത്യയുടെ മെട്രോമാന്‍ എന്നറിയപ്പെടുന്ന ഇ ശ്രീധരനെയോ അല്ലെങ്കില്‍ അതിന് സമാനമായ രീതിയില്‍ കഴിവുളള വ്യക്തിയെ ചെയര്‍മാനാക്കിയാല്‍ എയര്‍ ഇന്ത്യയെ നഷ്ടത്തില്‍ നിന്ന് രക്ഷിക്കാനാവുമെന്ന് ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി. ഇത്തരത്തില്‍ നിയമിക്കുന്ന ചെയര്‍മാന് പരിപൂര്‍ണ്ണ അധികാരങ്ങള്‍ കൈമാറാന്‍ സര്‍ക്കാര്‍ തയ്യാറാവുകയും വേണം. അങ്ങനെയെങ്കില്‍ എയര്‍ ഇന്ത്യയുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത് കൂടാതെ മറ്റ് അഞ്ച് നിര്‍ദ്ദേശങ്ങള്‍ കൂടി എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പനയെ സംബന്ധിച്ച് ആനന്ദ് മഹീന്ദ്ര മുന്നോട്ട് വച്ചു. എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വാങ്ങുന്നതിനുളള താല്‍പ്പര്യ പത്രം സമര്‍പ്പിക്കാനുളള സമയം അവസാനിച്ചു. ഒരു താല്‍പ്പര്യ പത്രം പോലും സര്‍ക്കാരിന് മുന്‍പില്‍ ഈ കാലയിളവിനുള്ളില്‍ സമര്‍പ്പിക്കപ്പെട്ടില്ല. ഇതോടെ ഏറ്റെടുക്കല്‍ രാജ്യത്തിന്റെ മുഴുവന്‍ അഭിമാന പ്രശ്‌നമായി മാറിയതായി മഹീന്ദ്ര അഭിപ്രായപ്പെട്ടു.

തല്‍ക്കാലം സ്വകാര്യവല്‍ക്കരണ നീക്കം സര്‍ക്കാര്‍ നിര്‍ത്തി വയ്ക്കുകയും. എയര്‍ ഇന്ത്യയെ ലാഭത്തിലാക്കാനുളള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുകയുമാണ് ഇപ്പോള്‍ ചെയ്യേണ്ടത്. കമ്പനി ലാഭത്തിലായാല്‍ എയര്‍ ഇന്ത്യയെ ഏറ്റെടുക്കാന്‍ നിരവധി പേര്‍ രംഗത്ത് വരുമെന്നും ഓഹരി വില്‍പ്പന ലാഭത്തിലാവുകയും ചെയ്യുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Top