തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. വിശ്വാസം സംരക്ഷിക്കുന്നതിനായി പ്രതിരോധനിര സൃഷ്ടിക്കാന്‍ ബിജെപി മുന്‍ നിരയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ സമരം ശക്തമാണ്. ഏതൊക്കെ ശക്തികള്‍ എതിര്‍ത്താലും ശബരിമലയെ സംരക്ഷിക്കുമെന്ന് ബിജെപി പ്രതിജ്ഞ എടുത്തിട്ടുണ്ട്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്. രാഷ്ട്രീയ ദുരുദേശത്തോടെയാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.
അതേസമയം ശബരിമല സ്ത്രീപ്രവേശന വിധിയില്‍ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് ആചാരസംരക്ഷണ സമിതി യോഗം ചേരുന്നു. പന്തളം രാജകുടുംബാംഗങ്ങളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ശബരിമല സ്ത്രീ പ്രവേശന വിധിക്ക് എതിരെ തന്ത്രി കുടുംബവും പന്തളം രാജകുടുംബവും എന്‍എസ്എസ്സും ഇന്നോ നാളെയോ സുപ്രീംകോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കും. വ്യത്യസ്ഥ ഹര്‍ജികള്‍ നല്‍കാനാണ് നീക്കം. കേസ് ഏഴംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിടണമെന്നായിരിക്കും ഹര്‍ജിക്കാരുടെ ആവശ്യം. ദില്ലിയില്‍ നിന്ന് തിരിച്ചെത്തുന്ന മുഖ്യമന്ത്രിയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഇന്ന് ചര്‍ച്ച നടത്തും.
തുലാമാസ പൂജയ്ക്ക് ശബരിമലയില്‍ ഒരുക്കേണ്ട സൗകര്യങ്ങളെക്കുറിച്ച് ബോര്‍ഡ് ഇന്ന് അന്തിമ തീരുമാനം എടുക്കും. ഒരുക്കങ്ങളെ ചൊല്ലി ബോര്‍ഡ് പ്രസിഡന്റും കമ്മീഷ്ണറും തമ്മില്‍ ഇന്നലെ തര്‍ക്കം നടന്നിരുന്നു. ഡിജിപിയുമായും ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും കൂടിക്കാഴ്ച്ച നടത്തും.