ന്യൂഡല്‍ഹി: ഓര്‍ത്തഡോക്‌സ് – യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ളത് ആഴത്തിലുള്ള പ്രശ്‌നമാണെന്ന് പി.എസ് ശ്രീധരന്‍ പിള്ള. പ്രശ്‌ന പരിഹാരത്തിന് സഭയ്ക്ക് അകത്ത് തന്നെ സമന്വയം ഉണ്ടാകണം. സുപ്രീം കോടതി വിധിയുടെ മെറിറ്റിലേക്ക് കടക്കുന്നില്ല. സഭകളുമായി ഉള്ളത് നല്ല ബന്ധമാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ പ്രതിനിധികള്‍ രണ്ട് ദിവസങ്ങളിലായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടിരുന്നു. സഭാ തര്‍ക്കത്തിലെ നിലപാടുകള്‍ ഇരു സഭാ പ്രതിനിധികളും പ്രധാനമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്ത് സമന്വയത്തിന് ശ്രമിക്കുമെന്ന് പ്രതീക്ഷയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ഗവര്‍ണറെന്ന നിലയില്‍ പരിധികളെയും പരിമിതികളെയും കുറിച്ച് ബോധവാനാണ്. അത് ലംഘിക്കാതെയാണ് സഭാ പ്രതിനിധികള്‍ക്ക് ചര്‍ച്ചക്ക് ഉള്ള സൗകര്യം ഒരുക്കിയത്. സഭാ പ്രതിനിധികള്‍ കാണണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെയാണ് ചര്‍ച്ചക്ക് സാഹചര്യം ഒരുങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ വിവേചനം അനുഭവിക്കുന്നു എന്നായിരുന്നു സഭാ പ്രതിധികളുടെ പരാതി. തുടര്‍ന്നാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താനുള്ള നടപടിയുമായി മുന്നോട്ട് പോയത്. ജനുവരി രണ്ടാം വാരത്തില്‍ പള്ളി തര്‍ക്കവുമായി ബന്ധമില്ലാത്ത സഭാ പ്രതിനിധികളും പ്രധാനമന്ത്രിയെ കാണുന്നുണ്ട്.