കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതി മൂലമുണ്ടായ പ്രളയ ദുരന്തങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ചെങ്ങന്നൂര്‍ ഉള്‍പ്പെടെയുള്ള പലയിടങ്ങളിലും സജ്ജമായില്ലെന്ന വാര്‍ത്തകളുമുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇനിയും ദുരിതാശ്വാസ പ്രവര്‍ത്തനം പട്ടാളത്തെ ഏല്‍പ്പിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി ശ്രീധരന്‍പിള്ള പറഞ്ഞു.
കേരളത്തില്‍ മറ്റു വകുപ്പുകളുടെ നേതൃത്വത്തിലാണ് പട്ടാളത്തിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്. എന്നാല്‍ സമാനസ്ഥിതി നേരിട്ട മറ്റു സംസ്ഥാനങ്ങളില്‍ പട്ടാളത്തിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനമാണ് നടക്കുന്നത്. ചെങ്ങന്നൂരിലെ അനുഭവങ്ങളില്‍ നിന്നും ഈ സേവനം പരാജയമാണെന്ന് വ്യക്തമായെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
നേരത്തെ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി അദ്ധ്യക്ഷന്‍ എം എം ഹസനും സര്‍ക്കാര്‍ പട്ടാളത്തിന്റെ സഹായം തേടണമെന്ന് ആവശ്യപ്പെട്ടിരുന്നു.അതേസമയം, സംസ്ഥാനത്തിന്റെ ഭരണം പട്ടാളത്തെ ഏല്‍പ്പിക്കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പറഞ്ഞിരുന്നു.