കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി ബിജെപിയില്‍ എതിര്‍പ്പ്. ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്ക്ക് നേരെ കൃഷ്ണദാസ്, മുരളീധര പക്ഷങ്ങള്‍ രംഗത്തെത്തി. നേതൃത്വ തലത്തില്‍ ചര്‍ച്ച നടത്താതെയാണ് ശ്രീധരന്‍ പിള്ള പട്ടിക നല്‍കിയതെന്നാണ് ആരോപണം.
അതേസമയം സ്ഥാനാര്‍ത്ഥി പട്ടിക മാധ്യമ സൃഷ്ടിയാണെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. സംസ്ഥാന നേതൃയോഗം നടക്കുകയാണ്. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള അഖിലേന്ത്യാ ജനറല്‍ സത്യ കുമാറും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ലോകസഭ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ക്കായി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തിലെത്തും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് പാലക്കാട്ടെത്തുന്ന അമിത് ഷാ 20 മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ചുമതലക്കാരുമായി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുളള ഭിന്നത രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാന നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും സാധ്യതയുണ്ട്.