തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലിരിക്കെ മരണമടഞ്ഞ ശ്രീജീവിന്റെ അമ്മ ഗവര്‍ണറെ കണ്ടു. മകന്റെ മരണത്തെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കുന്നതിനാവശ്യമായതെല്ലാം ചെയ്യാമെന്ന് ഗവര്‍ണര്‍ ഉറപ്പു നല്‍കിയതായി ശ്രീജിവിന്റെ അമ്മ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകളെല്ലാം കേന്ദ്രസര്‍ക്കാരിന് കൈമാറുമെന്നും ഗവര്‍ണര്‍ അറിയിച്ചതായും അവര്‍ വ്യക്തമാക്കി.
നേരത്തെ, ശ്രീജീവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പൊലീസ് ഒത്തുകളിച്ചെന്ന് മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ അധ്യക്ഷന്‍ ജെ.ബി.കോശി പറഞ്ഞിരുന്നു. തുടക്കം മുതല്‍ തന്നെ കേസില്‍ പൊലീസ് എന്തോ ഒളിക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പൊലീസിന്റെ നിസഹകരണം ഒന്നുകൊണ്ട് മാത്രമാണ് കമ്മീഷന്റെ അന്വേഷണം വഴിമുട്ടിയതെന്നും, മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടും കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നും തന്നെ ഹാജരാക്കാന്‍ പൊലീസ് തയ്യാറായില്ലെന്നും, ഇതാണ് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചതെന്നും ജെ.ബി.കോശി വ്യക്തമാക്കി.
നേരത്തെ, പൊലീസിന് വീഴ്ച വന്നുവെന്നും ശ്രീജീവ് മരിച്ചത് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റാണെന്നും പൊലീസ് കംപ്‌ളെയ്ന്റ് അതോറിറ്റി മുന്‍ ചെയര്‍മാന്‍ ജസ്റ്റിസ് നാരായണ കുറുപ്പും പറഞ്ഞിരുന്നു.