ന്യൂഡല്‍ഹി: ദേശീയ കായിക പുരസ്‌കാരത്തിനുള്ള നാമനിര്‍ദ്ദേശ പട്ടിക പുറത്ത് വന്നു. ഒളിംപിക്‌സില്‍ മികവ് തെളിയിച്ച കായികതാരങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ഖേല്‍രത്‌ന പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തെന്നാണ് ലഭിക്കുന്ന വിവരം.11 താരങ്ങളെയാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. മലയാളി താരവും ഇന്ത്യ ഹോക്കിടീം കീപ്പറുമായ പി.ആര്‍.ശ്രീജേഷിന്റെ പേരും ഖേല്‍രത്‌ന പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്തിട്ടുണ്ട്. 17 പരിശീലകരെ ദ്രോണാചാര്യ പുരസ്‌കാരത്തിനായും 35 പേരെ അര്‍ജ്ജുന അവാര്‍ഡിനായും ശുപാര്‍ശ ചെയ്തിട്ടുണ്ട്. മലയാളി താരം കെ.സി.ലേഖയുടെ പേര് ധ്യാന്‍ചന്ദ് പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടെന്നാണ് പുറത്ത് വരുന്ന വിവരം.
ഒളിപിംക്‌സ് അത്‌ലറ്റിക്‌സില്‍ ഇന്ത്യയ്ക്കായി ആദ്യമായി വ്യക്തിഗത സ്വര്‍ണം നേടിയ നീരജ് ചോപ്ര മറ്റു മെഡല്‍ ജേതാക്കളായ ഗുസ്തി താരം രവി ദഹിയ, ബോക്‌സിംഗ് താരം ലൗവ്‌ലീന എന്നിവരെല്ലാം ഖേല്‍രത്‌ന പുരസ്‌കാരത്തിനായി ശുപാര്‍ശ ചെയ്യപ്പെട്ടു. ഫുട്‌ബോള്‍ താരം സുനില്‍ ഛേത്രി, പാരാ ബാഡ്മിന്റണ്‍ താരം പ്രമോദ് ഭാഗത്, അത്‌ലറ്റിക് സുമിത് അങ്കുല്‍, പാരാഷൂട്ടിംഗ് താരം അവാനി ലേഖര, പാരാബാഡ്മിന്റണ്‍ താരം കൃഷ്ണനഗര്‍, പാരാഷൂട്ടിംഗ് താരം എം.നരവാള്‍ എന്നിവരും ഖേല്‍രത്‌ന പുരസ്‌കാരത്തിനായി നാമനിര്‍ദേശം ചെയ്യപ്പെട്ടവരിലുണ്ട്.