തിരുവനന്തപുരം: രണ്ട് വര്‍ഷം മുന്‍പ് ലോക്കപ്പ് മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കും. കേസ് സിബിഐ അന്വേഷിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി എംപിമാരായ കെ.സി.വേണുഗോപാലും ശശി തരൂരും വ്യക്തമാക്കി. കേന്ദ്ര പേഴ്‌സണല്‍ കാര്യമന്ത്രി ജിതേന്ദ്രസിങാണ് ഇക്കാര്യം എംപിമാരെ അറിയിച്ചത്. സിബിഐ ഡയറക്ടറുമായി ജിതേന്ദ്രസിങ് ഉടന്‍ കൂടികാഴ്ച നടത്തും.
പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലാണ് നിര്‍ണായക വഴിത്തിരിവുണ്ടാക്കിയത്. ഇക്കാര്യം കഴിഞ്ഞ ദിവസം Express kerala റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 766 ദിവസമായി ശ്രീജീവിന്റെ സഹോദരന്‍ ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരത്തിലാണ്.
2014 മെയ് 21നായിരുന്നു ശ്രീജീവിന്റെ മരണം. മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയില്‍ എടുത്ത ശ്രീജീവിനെ പാറശാല സി.ഐ ആയിരുന്ന ഗോപകുമാറും എ.എസ്.ഐ ഫിലിപ്പോസും ചേര്‍ന്ന് മര്‍ദിച്ചും വിഷം നല്‍കിയും കൊലപ്പെടുത്തിയെന്ന് പൊലീസ് കംപ്ലയിന്റ് അതോറിറ്റി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സഹോദരന്‍ ശ്രീജിത്ത് സമരം തുടങ്ങിയത്.
കഴിഞ്ഞ ഡിസംബര്‍ 22ന് കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ സിബിഐയ്ക്ക് കത്തയച്ചിരുന്നു. എന്നാല്‍, സര്‍ക്കാരിന്റെയും ഹൈക്കോടതിയുടേതുമായി നിരവധി കേസുകള്‍ പക്കലുണ്ടെന്നും അതുകൊണ്ട് ഈ കേസ് ഏറ്റെടുക്കാനാകില്ലെന്നുമാണ് സിബിഐ അറിയിച്ചിരുന്നത്.
എന്നാല്‍ വീണ്ടും സംസ്ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കത്തയക്കുകയും വ്യാപകമായി പ്രതിഷേധം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ താല്‍പര്യമെടുത്ത് ഇപ്പോള്‍ വിഷയത്തില്‍ ഇടപെട്ടിരിക്കുന്നത്.
അതേസമയം സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുന്നത് വരെ സമരം തുടരുമെന്ന് ശ്രീജിത്ത് അറിയിച്ചു.