വരാപ്പുഴ: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ എസ്‌ഐ ജി.എസ്.ദീപക് ഒന്നാം പ്രതി ആയേക്കും. കൊലക്കുറ്റം ചുമത്തിയാണു പ്രത്യേക അന്വേഷണ സംഘം ദീപക്കിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡില്‍ കഴിയുന്ന മറ്റു മൂന്നു പൊലീസുകാരുടെ ജാമ്യാപേക്ഷ പറവൂര്‍ കോടതിയില്‍ പരിഗണിക്കുന്നതും ഇന്ന് തന്നെയാണ്.
ആലുവ റൂറല്‍ എസ്പിയുടെ സ്‌ക്വാഡിലെ മൂന്നു പൊലീസുകാര്‍ക്കു പുറമേ എസ്‌ഐ ദീപക്കും ശ്രീജിത്തിനെ ക്രൂരമായി മര്‍ദിച്ചിരുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ശ്രീജിത്തിന്റെ അമ്മയും ഭാര്യയും പലവട്ടം അന്വേഷണ സംഘത്തോടു ദീപക്കിന്റെ ക്രൂരമര്‍ദനത്തെ കുറിച്ചു മൊഴി നല്‍കിയിരുന്നു. ഇതു ശരിവയ്ക്കുന്ന തരത്തിലുള്ള നിരവധി തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുമുണ്ട്.
അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ദീപക്കിനെ വെള്ളിയാഴ്ച രാവിലെ മുതല്‍ ആലുവ പൊലീസ് ക്ലബ്ബില്‍ വിശദമായി ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. എട്ടു മണിക്കൂറോളം ചോദ്യം ചെയ്യല്‍ നീണ്ടു നിന്നിരുന്നു. കൊലക്കുറ്റം കൂടാതെ, അന്യായമായി തടങ്കലില്‍ വച്ചു, മര്‍ദിച്ചു തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. എസ്‌ഐ ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റില്‍ സന്തോഷമുണ്ടെന്നു ശ്രീജിത്തിന്റെ കുടുംബം പ്രതികരിച്ചു.