കേസില്‍ ബലിയാടാക്കി, നുണ പരിശോധനയ്ക്ക് തയാര്‍;ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍

Sreejith-

വരാപ്പുഴ: ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ പൊലീസിനെതിരെ രംഗത്ത്. കേസില്‍ അറസ്റ്റിലായ റൂറല്‍ ടൈഗര്‍ ഫോഴ്‌സ് അംഗങ്ങളായ ജിതിന്‍രാജ്, സന്തോഷ് കുമാര്‍, സുമേഷ് എന്നിവരാണ് പൊലീസിനെതിരെ രംഗത്തെത്തിയത്

പൊലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെ തങ്ങള്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും കേസില്‍ തങ്ങളെ ബലിയാടാക്കിയാതാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മരണവുമായി ബന്ധപ്പെട്ട് നുണ പരിശോധനയ്ക്ക് തയാറാണെന്നും പൊലീസുകാര്‍ അറിയിച്ചു.

കോടതിയെ മാത്രമെ ഇനി വിശ്വാസമുള്ളുവെന്നും കേസില്‍ ഗൂഡാലോചന നടക്കുന്നുവെന്നും യഥാര്‍ഥ പ്രതികളെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജോലിയോടുള്ള ആത്മാര്‍ഥത കാരണമാണ് തങ്ങള്‍ പ്രതികളെ പിടിച്ചതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ശ്രീജിത്തിന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പം തങ്ങള്‍ക്കും നീതി ലഭിക്കണമെന്നും, കൃത്യമായ അന്വേഷണം നടത്തണമെന്നും മഖ്യമന്ത്രിയോടും, ഡിജിപിയോടും ഇവര്‍ ആവശ്യപ്പെടുന്നു.

വരാപ്പുഴയിലെ വാസുദേവന്‍ ജീവനൊടുക്കിയ സംഭവത്തിലാണ് ശ്രീജിത്തടക്കം പത്തുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത് മൂന്നാമത്തെ ദിവസമാണ് ശ്രീജിത്ത് ആശുപത്രിയില്‍ നിന്നും മരിക്കുന്നത്. വാസുദേവന്റെ സഹോദരന്‍ പറഞ്ഞത് പ്രകാരമാണ് ശ്രീജിത്തിനെ അറസ്റ്റു ചെയ്തതെന്ന് ആലുവ റൂറല്‍ പോലീസ് മേധാവി എ.വി. ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു

ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ചെറുകുടല്‍ പൊട്ടിയാണ് ശ്രീജിത്ത് മരിച്ചതെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശരീരമാസകലം മര്‍ദനമേറ്റതായും 18-ഓളം മുറിവുകള്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Top