തിരുവനന്തപുരം:ശബരിമലയിലെ സുരക്ഷാ ചുമതലയില്‍ മേലില്‍ ഇനി ഐ.ജി ശ്രീജിത്തിനെ നിയമിക്കില്ലെന്ന് സൂചന.
പൊലീസ് സേനയില്‍ മാത്രമല്ല സര്‍ക്കാര്‍ തലത്തിലും ഇക്കാര്യത്തില്‍ ഏകദേശം ഒരേ നിലപാടാണെന്നാണ് ലഭിക്കുന്ന വിവരം.
വിശ്വാസികളേത്, മന:പൂര്‍വ്വം ഗൂഢലക്ഷ്യങ്ങളുമായി എത്തുന്നവരേത്.. എന്ന് പരിശോധിച്ച് നടപടി സ്വീകരിക്കുന്ന കാര്യത്തില്‍ ഐജിയുടെ ഭാഗത്ത് നിന്നും വലിയ വീഴ്ച ഉണ്ടായതായാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.
സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള സംഘടനയുടെ പ്രതിഷേധക്കാര്‍ സന്നിധാനത്തും പോകുന്ന വഴികളിലും സംഘടിച്ചത് പൊലീസിന്റെ വീഴ്ചയായാണ് വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.
പ്രതിഷേധക്കാരെ ശബരിമലയില്‍ നിന്നും നീക്കം ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പ്രസ്താവന കോടതി വിധിയില്‍ മാറ്റമുണ്ടായില്ലെങ്കില്‍ സ്വീകരിക്കുന്ന നടപടികള്‍ സംബന്ധിച്ച വ്യക്തമായ സൂചനയാണ്.
മണ്ഡലകാലം ആരംഭിക്കുമ്പോള്‍ ഇനി പ്രതിഷേധക്കാരെ ഒരു കാരണവശാലും സന്നിധാനത്തുള്‍പ്പെടെ സംഘടിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് ആഭ്യന്തര വകുപ്പ്. ഇതിനനുസരിച്ച സുരക്ഷാ ക്രമീകരണങ്ങള്‍ നടത്തി മുന്നോട്ട് പോകാനാണ് പൊലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.
ജാതിയും മതവും നോക്കി പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷാ ജോലിക്ക് നിയോഗിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിലും സന്നിധാനത്ത് ഹൈന്ദവ വിഭാഗത്തില്‍പ്പെട്ട ഐ.പി.എസുകാര്‍ക്ക് തന്നെയാണ് ചുമതല നല്‍കുക.
എന്നാല്‍ പമ്പ, നടയ്ക്കല്‍ അടക്കമുള്ള പ്രദേശങ്ങളില്‍ ഈ കീഴ്‌വഴക്കമല്ല പാലിക്കുക. ഏത് പ്രതിസന്ധിയും കൈകാര്യം ചെയ്യാന്‍ കരുത്തുള്ള ഉദ്യോഗസ്ഥരെ പ്രത്യേകം റിക്രൂട്ട് ചെയ്യാനാണ് തീരുമാനം.
നടയ്ക്കലും പമ്പയിലും സംഘടിച്ച പ്രതിഷേധക്കാരെ യഥാസമയം ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തില്ലായിരുന്നുവെങ്കില്‍ വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങള്‍ എത്തുമായിരുന്നുവെന്നാണ് ആഭ്യന്തര വകുപ്പിലെ ഉന്നതര്‍ ചൂണ്ടിക്കാണിക്കുന്നത്.
മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പും ലോകസഭ തിരഞ്ഞെടുപ്പും അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രതയോട് കൂടി വിഷയം കൈകാര്യം ചെയ്യണമെന്ന നിലപാടാണ് സി.പി.എമ്മിനുമുളളത്.
രഹന ഫാത്തിമയെ പോലുള്ളവരെ മല കയറ്റാന്‍ ഒരു കാരണവശാലും പൊലീസ് ഉദ്യോഗസ്ഥര്‍ താല്‍പ്പര്യമെടുക്കരുതായിരുന്നു എന്ന നിലപാടാണ് പാര്‍ട്ടി നേതൃത്വത്തിനുള്ളത്.
സര്‍ക്കാറിനെയും പൊലീസിനെയും ഏറെ വെട്ടിലാക്കിയത് ഐ.ജി ശ്രീജിത്തിന്റെ അപക്വമായ ഈ നിലപാടായിരുന്നുവെന്നാണ് സി.പി.എം വിലയിരുത്തല്‍.
ഈ സംഭവത്തിനു ശേഷം ഐ.ജി അയ്യപ്പസന്നിധിയില്‍ പൊട്ടിക്കരഞ്ഞത് സര്‍ക്കാറിനെതിരായ നീക്കമാക്കി സംഘപരിവാര്‍ സംഘടന മാറ്റിയതില്‍ സി.പി.എം അണികളും രോഷാകുലരാണ്.
സുരക്ഷാ ജോലിക്ക് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥന്‍ ഒരു കാരണവശാലും സമനില വിട്ട് പൊരുമാറരുതായിരുന്നുവെന്നും ഒരു വിശ്വാസി എന്നതിനപ്പുറം ഐ.ജിയാണ് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ടാവണമായിരുന്നു നില്‍ക്കേണ്ടിയിരുന്നതെന്നുമാണ് സേനക്കകത്തും ശ്രീജിത്തിനെതിരെ ഉയരുന്ന വിമര്‍ശനം. രഹന ഫാത്തിമ ഉള്‍പ്പെടെ ഉള്ളവരെ പൊലീസ് ധരിക്കുന്ന വേഷങ്ങള്‍ ധരിപ്പിച്ചതിലും ഐ.ജി നേരിട്ട് അകമ്പടി പോയതിലും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കിടയിലും കടുത്ത പ്രതിഷേധമുണ്ട്.
എം.വിനോദ്