ഒറ്റപ്പാലം: നടന്‍ ശ്രീജിത് രവിക്കെതിരായ നഗ്നതാ പ്രദര്‍ശന കേസില്‍ പൊലീസിനു വീഴ്ച സംഭവിച്ചെന്നു സബ്കലക്ടറുടെ അന്വേഷണത്തില്‍ കണ്ടെത്തി. കലക്ടര്‍ പി.മേരിക്കുട്ടിയുടെ നിര്‍ദേശപ്രകാരം പി.ബി.നൂഹ് നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ ഒറ്റപ്പാലത്തെ സിവില്‍ പൊലീസ് ഓഫിസര്‍ക്കെതിരെ പരാമര്‍ശമുള്ളതായാണു വിവരം.
പത്തിരിപ്പാലയിലെ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ സ്‌കൂളിലെത്തിയ സിപിഒക്കെതിരെയാണു പരാമര്‍ശം. അന്വേഷണത്തില്‍ കാലതാമസം വരുത്തിയെന്നും പരാതിക്കാരോടു മോശമായി പെരുമാറിയെന്നും കേസ് മൂടിവയ്ക്കാന്‍ ശ്രമിച്ചെന്നുമാണു കണ്ടെത്തല്‍.
പൊലീസിന്റെ ഭാഗംകൂടി കേട്ടശേഷം റിപ്പോര്‍ട്ട് കലക്ടര്‍ക്കു സമര്‍പ്പിക്കും. 27നു നടന്ന സംഭവത്തില്‍ അന്വേഷണം വൈകുന്നെന്ന് ആരോപിച്ചാണു സ്‌കൂളിലെ ചിലര്‍ കലക്ടറെ നേരില്‍ കണ്ടു പരാതി അറിയിച്ചത്. കലക്ടറുടെ നിര്‍ദേശപ്രകാരം വ്യാഴാഴ്ച സ്‌കൂളിലെത്തിയ സബ്കലക്ടര്‍ വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും മൊഴിയെടുത്തു. ഇതിനു ശേഷമാണു പൊലീസ് സ്‌കൂളിലെത്തി വിദ്യാര്‍ഥികളില്‍ നിന്നു മൊഴിയെടുത്തതും നടനെ കസ്റ്റഡിയിലെടുത്തതും.
സ്‌കൂള്‍ വിദ്യാര്‍ഥികളോട് അശ്ലീലചേഷ്ട കാണിച്ചെന്ന കേസില്‍ അറസ്റ്റിലായ സിനിമാ നടന്‍ ശ്രീജിത്ത് രവിക്ക് അഡീഷനല്‍ ജില്ലാ കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. കഴിഞ്ഞ ദിവസം പല്ലാവൂരിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്ത നടനെ കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയാനുള്ള ‘പോക്‌സോ’ നിയമത്തിലെ വകുപ്പുകള്‍ ചുമത്തിയാണ് ഒറ്റപ്പാലം എസ്‌ഐ എ.ആദംഖാന്‍ അറസ്റ്റ് ചെയ്തത്.
പത്തിരിപ്പാല ചന്തയ്ക്കു സമീപം കഴിഞ്ഞ മാസം 27നു രാവിലെ നിര്‍ത്തിയിട്ട കാറില്‍ മുന്‍വശത്തെ സീറ്റില്‍ ഇരുന്ന ശ്രീജിത്ത് തൊട്ടടുത്ത സ്‌കൂളിലേക്കു പോയിരുന്ന പെണ്‍കുട്ടികള്‍ കാണ്‍കെ അശ്ലീലചേഷ്ട കാണിച്ചെന്നാണു കേസ്.
കുട്ടികള്‍ സമീപത്തുണ്ടായിരുന്ന നാട്ടുകാരോടും പിന്നീട് അധ്യാപകരോടും പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നു കണ്ടാലറിയാവുന്ന യുവാവെന്ന പേരില്‍ പ്രതിചേര്‍ത്ത് 31നു കേസെടുത്തു. നാട്ടുകാര്‍ നല്‍കിയ വിവരമനുസരിച്ചു നടത്തിയ അന്വേഷണത്തില്‍ കാര്‍ ശ്രീജിത്തിന്റെതാണെന്നു പൊലീസ് കണ്ടെത്തുകയായിരുന്നു.