ശ്രീജിത്തിന്റെ കസ്റ്റഡിമരണം; പ്രതികളായ മൂന്നു ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ റിമാന്‍ഡില്‍

Sreejith-

കൊച്ചി: വരാപ്പുഴയില്‍ പൊലീസ് കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് എന്ന യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളായ മൂന്നു ആര്‍ടിഎഫ് ഉദ്യോഗസ്ഥരെ റിമാന്‍ഡ് ചെയ്തു. കളമശേരി എ ആര്‍ ക്യാമ്പിലെ പൊലീസുകാരായ ജിതിന്‍രാജ്, സന്തോഷ്‌കുമാര്‍, സുമേഷ് എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. പറവൂര്‍ മജിസ്‌ട്രേറ്റ് കോടതിയാണ് പൊലീസുകാരെ റിമാന്‍ഡില്‍ വിട്ടത്.

എറണാകുളം റൂറല്‍ എസ്പിയുടെ പ്രത്യേക സ്‌ക്വാഡായ റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ (ആര്‍ടിഎഫ്) അംഗങ്ങളായ ഇവരാണു ശ്രീജിത്തിനെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തത്.കേസില്‍ കഴിഞ്ഞ ദിവസം വൈകീട്ടാണ് ഐജിയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ അറസ്റ്റുചെയ്തത്.

അതേസമയം തങ്ങള്‍ നിരപരാധികളാണെന്നും കേസില്‍ ബലിയാടാക്കിയതാണെന്നും ഇവര്‍ വെളിപ്പെടുത്തിയിരുന്നു. യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നതായും ഇവര്‍ പറഞ്ഞിരുന്നു. മരണവുമായി ബന്ധപ്പെട്ട് നുണ പരിശോധനയ്ക്ക് തയാറാണെന്നും പൊലീസുകാര്‍ അറിയിച്ചിരുന്നു

വരാപ്പുഴയിലെ വാസുദേവന്‍ ജീവനൊടുക്കിയ സംഭവത്തിലാണ് ശ്രീജിത്തടക്കം പത്തുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത് മൂന്നാമത്തെ ദിവസമാണ് ശ്രീജിത്ത് ആശുപത്രിയില്‍ നിന്നും മരിക്കുന്നത്. വാസുദേവന്റെ സഹോദരന്‍ പറഞ്ഞത് പ്രകാരമാണ് ശ്രീജിത്തിനെ അറസ്റ്റു ചെയ്തതെന്ന് ആലുവ റൂറല്‍ പോലീസ് മേധാവി എ.വി. ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു

ക്രൂരമര്‍ദ്ദനത്തെ തുടര്‍ന്ന് ചെറുകുടല്‍ പൊട്ടിയാണ് ശ്രീജിത്ത് മരിച്ചതെന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഡോക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. ശരീരമാസകലം മര്‍ദനമേറ്റതായും 18-ഓളം മുറിവുകള്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

Top