അടിവയറിനേറ്റ ഒറ്റക്ഷതമാണ് ശ്രീജിത്തിന്റെ മരണകാരണമെഡിക്കല്‍ ബോര്‍ഡ്

Sreejith's death

കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണത്തിലെ നിലപാടിലുറച്ച് മെഡിക്കല്‍ ബോര്‍ഡ്. പൊലീസിന്റെ ക്രൂരമര്‍ദ്ദനമാണ് ശ്രീജിത്തിന്റെ മരണത്തിന് ഇടയാക്കിയതെന്ന് മെഡിക്കല്‍ ബോര്‍ഡ് പറഞ്ഞു. അടിവയറ്റിനേറ്റ പരുക്കാണ് മരണകാരണം. പൊലീസ് പിടികൂടിയപ്പോഴാണ് ഈ പരിക്കുണ്ടായതെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിഗമനം.

മെഡിക്കല്‍ ബോര്‍ഡ് മുമ്പാകെ പ്രത്യേക അന്വേഷണസംഘം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് നല്‍കിയ മറുപടിയിലാണ് ശ്രീജിത്തിന്റെ മരണകാരണം പൊലീസ് മര്‍ദ്ദനം തന്നെയാണെന്ന് ബോര്‍ഡ് വ്യക്തമാക്കിയത്.

അടിവയറിനേറ്റ ഒറ്റക്ഷതമാണ് മരണകാരണമെന്ന് ബോര്‍ഡ് സ്ഥിരീകരിച്ചു. ഇത്തരത്തിലുള്ള മാരക ക്ഷതമേറ്റാല്‍ ഒരാള്‍ക്ക് പരമാവധി 6 മണിക്കൂര്‍ മാത്രമേ സാധാരണനിലയില്‍ പെരുമാറാനാകൂ എന്നും മെഡിക്കല്‍ ബോര്‍ഡ് അന്വേഷണസംഘത്തിന് മറുപടി നല്‍കി.

ഇക്കാരണത്താലാണ് ആറാം തീയതി വൈകുന്നേരം പൊലീസ് പിടികൂടിയ ശ്രീജിത്തിന് ഏഴാം തീയതി പുലര്‍ച്ചെ വയറുവേദനയുണ്ടായതെന്നും മെഡിക്കല്‍ ബോര്‍ഡ് പറയുന്നു. മര്‍ദ്ദനത്തില്‍ ശ്രീജിത്തിന്റെ ചെറുകുടല്‍ മുറിഞ്ഞുപോയിരുന്നു. ശ്രീജിത്തിന് ശരിയായ ചികിത്സ ലഭിച്ചിരുന്നെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നെന്നും മെഡിക്കല്‍ ബോര്‍ഡ് പറയുന്നു. ഭക്ഷണം കഴിച്ചത് അണുബാധ വര്‍ധിപ്പിച്ചതായും മെഡിക്കല്‍ ബോര്‍ഡ് പ്രതികരിച്ചു.

Top