തിരുവനന്തപുരം : ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിലെ അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ വിളികള്‍ പരിശോധിക്കും. ആലുവ റൂറല്‍ എസ്പി ഉള്‍പ്പെടെയുള്ളവരുടെ ഫോണ്‍ വിളികള്‍ പരിശോധിക്കും. കസ്റ്റഡിയില്‍ എടുക്കുന്നതിന് മുമ്പും ശേഷവുമുള്ള നീക്കങ്ങള്‍ അറിയാന്‍ മൊബൈല്‍ കമ്പനികള്‍ക്ക് പ്രത്യേക അന്വേഷണ സംഘം കത്തു നല്‍കി.
അതേസമയം കസ്റ്റഡി മരണത്തില്‍ പൊലീസ് വ്യാജരേഖ ചമച്ചെന്ന പുതിയ വെളിപ്പെടുത്തല്‍ ഇന്ന് പുറത്ത് വന്നിരുന്നു. കസ്റ്റഡിയില്‍ മര്‍ദനമേറ്റ് ഗുരുതരാവസ്ഥയിലായ ശ്രീജിത്തിനെ പൊലീസ് ആശുപത്രിയിലാക്കിയത് എട്ടിന് പുലര്‍ച്ചെ. അതിനുശേഷമാണ് ഉദ്യോഗസ്ഥര്‍ ഈ പരാതിക്കാരന്റെ വീട്ടില്‍ വീണ്ടും എത്തുന്നത്. അപ്പോള്‍ രേഖപ്പെടുത്തിയ മൊഴിയാണിത്.
എന്നാല്‍ ഇതിലെ തീയതി ഏഴ്. ആളുമാറി പിടികൂടിയ ശ്രീജിതിന് കൊടിയ മര്‍ദനമേല്‍പ്പിച്ചു, അപകടാവസ്ഥ മനസിലായപ്പോള്‍ ഉത്തരവാദിത്തം പരാതിക്കാരന്റെ തലയില്‍ വയ്ക്കാന്‍, ശ്രീജിത് യഥാര്‍ത്ഥ പ്രതിയെന്ന് സ്ഥാപിച്ചെടുക്കാന്‍ നടത്തിയ കള്ളക്കളി. എന്നാല്‍ തന്റെ വീടാക്രമിച്ച സംഘത്തില്‍ ശ്രീജിത് ഉണ്ടായിരുന്നില്ല എന്നുതന്നെ വിനീഷ് അപ്പോഴും മൊഴി നല്‍കി.