ശ്രീജീവിന്റെ മരണം സിബിഐ ഏറ്റെടുക്കണം, പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു…!

ന്യൂഡല്‍ഹി: വിവാദം സൃഷ്ടിച്ച നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ മരണം സി.ബി.ഐ ഏറ്റെടുക്കുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു.

കേസ് സംബന്ധമായ വിശദാംശങ്ങള്‍ പ്രധാനമന്ത്രിയുടെ കീഴിലുള്ള പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ ചുമതലയുള്ള ഉന്നത ഉദ്യാഗസ്ഥന്‍ ശേഖരിച്ച് വരികയാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനോടും കേരളത്തിലെ പൊതുവികാരം ബി.ജെ.പി നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.

സി.ബി.ഐ കേസ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടാമതും കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് കത്ത് നല്‍കിയ സാഹചര്യത്തില്‍ തീരുമാനം നീട്ടികൊണ്ട് പോകരുതെന്ന അഭിപ്രായമാണ് ബി.ജെ.പിക്ക്.

അതേ സമയം അന്വേഷണം നടത്താന്‍ ആവശ്യമായ ഉദ്യോഗസ്ഥരുടെ കുറവാണ് സി.ബി.ഐ പിന്നോട്ട് പോകുന്നതിനു പിന്നിലെന്നാണ് ലഭിക്കുന്ന സൂചന.

കേസ് ബാഹുല്യം ഇപ്പോള്‍ തന്നെ ചെന്നൈ ജോ. ഡയറക്ടറുടെ കീഴിലുള്ള യൂണിറ്റുകളില്‍ ഉണ്ടത്രെ.

ഈ കേസ് സി.ബി.ഐക്ക് വിട്ടാല്‍ സ്വാഭാവികമായും തിരുവനന്തപുരം സി.ബി.ഐ യൂണിറ്റിനായിരിക്കും അന്വേഷണ ചുമതല ഉണ്ടാകുക.

കൊച്ചി യൂണിറ്റ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമായതിനാല്‍ കൊലപാതകം പോലുള്ള ഗൗരവ ആരോപണമുള്ള കേസുകള്‍ അന്വേഷിക്കാറില്ല.

ഇനി മറ്റൊരു സാധ്യത ചെന്നൈയില്‍ നിന്നും മലയാളികളായ സി.ബി.ഐ ഉദ്യോഗസ്ഥരെ രംഗത്തിറക്കുക എന്നതാണ്.

ആദ്യഘട്ടത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ വി.ബി ഉണ്ണിത്താന്‍ വധശ്രമക്കേസ് അന്വേഷിച്ചതും രണ്ട് ഡി.വൈ.എസ്.പിമാരെ അറസ്റ്റ് ചെയ്തതും ചെന്നൈ യൂണറ്റില്‍ നിന്നെത്തിയ സി.ബി.ഐ എ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.

രാഷ്ട്രീയ സമ്മര്‍ദ്ദം സി.ബി.ഐക്ക് മേല്‍ ശക്തമായാല്‍ വരും ദിവസങ്ങളില്‍ തന്നെ ശ്രീജിവിന്റെ കേസ് സി.ബി.ഐ ഏറ്റെടുക്കാനാണ് സാധ്യത.

പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും ഓഫീസുകള്‍ ഇക്കാര്യത്തില്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണ്ണായകമാവും.

ഉത്തരവ് ഇറങ്ങാന്‍ വൈകുകയാണെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ നിരാഹാരം കിടക്കുന്ന ശ്രീജീവിന്റെ സഹോദരന്‍ ശ്രീജിത്തിന്റെ തീരുമാനം.

Top