ശ്രീജിവിന്റെ മരണം: കേസ് തേച്ചുമാച്ചത് ചെന്നിത്തലയുടെ കാലത്തെന്ന് കെ സുരേന്ദ്രന്‍

K Surendran

തിരുവനന്തപുരം: പോലീസിന്റെ ക്രൂര മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട നെയ്യാറ്റിന്‍കര സ്വദേശി ശ്രീജിവിന് നീതിതേടി സഹോദരന്‍ ശ്രീജിത്ത് നടത്തുന്ന സമരത്തില്‍ പിണറായിയെ സര്‍ക്കാരിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ചെന്നിത്തലയുടെ കാലത്താണ് ശ്രീജിത്തിന്റെ സഹോദരന്‍ കൊലചെയ്യപ്പെട്ടതെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറഞ്ഞു.

കെ സുരേന്ദ്രന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ….

ഒരുപാടുപേര്‍ നിര്‍ബന്ധിച്ചിട്ടും ശ്രീജിത്തിനെ കാണാന്‍ പോയില്ല. മനസ്സാക്ഷിക്കുത്തുകൊണ്ടുതന്നെ. എഴുന്നൂറു ദിവസത്തിലധികം ഒരു ചെറുപ്പക്കാരന്‍ നീതിക്കുവേണ്ടി നിലവിളിച്ചിട്ടും ഇന്നിപ്പോള്‍ വിലപിക്കുന്ന ആരും തിരിഞ്ഞുനോക്കിയിട്ടില്ല. രാഷ്ട്രീയനേതാക്കളും സിനിമാ നടന്‍മാരും നവമാധ്യമസദാചാരക്കാരും ആരും തിരിഞ്ഞുനോക്കിയിട്ടില്ല. ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എന്നോടുതന്നെ ഏററവും പുഛം തോന്നിയ സംഭവമാണിത്. രമേശ് ചെന്നിത്തല ഇന്നു കാണിച്ചതുപോലുള്ള മനസ്സാക്ഷിയില്ലാത്ത പണിക്കു പോകാന്‍ പററാത്തതുകൊണ്ടുമാത്രമാണ് പോകാതിരുന്നത്. ചെന്നിത്തലയുടെ കാലത്താണ് ശ്രീജിത്തിന്റെ സഹോദരന്‍ കൊലചെയ്യപ്പെട്ടത്.

അദ്ദേഹത്തിന്റെ പോലീസാണ് എല്ലാം തേച്ചുമാച്ചുകളഞ്ഞതും. ഇക്കാര്യത്തില്‍ പിണറായിയെ കുറപ്പെടുത്തുന്നത് ന്യായവുമല്ല. ഇങ്ങനെ ഒരുപാടു കേസ്സുകള്‍ പോലീസ് കേരളത്തില്‍ തേച്ചുമാച്ചുകളഞ്ഞിട്ടുമുണ്ട്. എല്ലാ തെളിവുകളും നശിപ്പിച്ചുകളഞ്ഞ ശേഷം സി.ബി. ഐ അന്വേഷിക്കണമെന്നു പറയുന്നതിലും യുക്തിയില്ല. ഈ ഒററയാള്‍ സമരം കാണാതെ പോയതില്‍ ലജ്ജിക്കുന്നു. ശ്രീജിത്തിനോട് ഹൃദയത്തില്‍തൊട്ട് ക്ഷമ ചോദിക്കുന്നു.

Top