സിനിമ എഡിറ്റ് ചെയ്തത് 17ഭാഷകളില്‍; ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി ശ്രീകര്‍ പ്രസാദ്

ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍ ഇടം നേടി ഇന്ത്യയിലെ ഏറ്റവും മികച്ച ഫിലിം എഡിറ്റര്‍മാരില്‍ ഒരാളായ ശ്രീകര്‍ പ്രസാദ്. ഏറ്റവുമധികം ഭാഷകളില്‍ സിനിമ എഡിറ്റ് ചെയ്തതിന്റെ റെക്കോര്‍ഡാണ് ശ്രീകര്‍ സ്വന്തമാക്കിയത്.

ഏഴ് നാഷണല്‍ അവാര്‍ഡുകളും ഒരു സ്പെഷ്യല്‍ ജൂറി പുരസ്‌കാരവും കേരള സര്‍ക്കാരിന്റെ അഞ്ച് സംസ്ഥാന അവാര്‍ഡുകളും ശ്രീകര്‍ പ്രസാദിനെ തേടിയെത്തിയിരുന്നു. അതുകഴിഞ്ഞാണ് ഇപ്പോള്‍ മറ്റൊരു അംഗീകാരം കൂടിയായ ലിംകാ ബുക്ക് റെക്കോര്‍ഡ്സില്‍ ഇടം നേടിയത്.

ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുഗു, മലയാളം, കന്നട, ഒഡിയ,ആസാമീസ്, ബംഗാളി, പഞ്ചാബി, നേപ്പാളി, മറാഠി, സിംഹളീസ്, കര്‍ബി, മിഷിങ്, ബോഡോ, പാങ്ചെന്‍പ തുടങ്ങി 17 ഭാഷകളിലാണ് ശ്രീകര്‍ ഇതിനോടകം എഡിറ്റിങ് നിര്‍വഹിച്ചത്. നിരവധി മലയാള സിനിമകള്‍ക്ക് എഡിറ്റിങ് നിര്‍വഹിച്ച ശ്രീകര്‍ ഒടുവില്‍ പ്രവര്‍ത്തിച്ച മലയാള ചിത്രം പ്രതി പൂവന്‍ കോഴിയാണ്.

യോദ്ധ, നിര്‍ണയം, വാനപ്രസ്ഥം, അലൈപായുതേ, ദില്‍ ചാഹ്താ ഹേയ്, കന്നത്തില്‍ മുത്തമിട്ടാല്‍, ഒക്കഡു, ആയുധ എഴുത്ത്, നവരസ, അനന്തഭദ്രം, ഗുരു, ബില്ല, ഫിറാഖ്, പഴശിരാജ, തല്‍വാര്‍, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, തുപ്പാക്കി, കത്തി തുടങ്ങിയ നിരവധി ചിത്രങ്ങളാണ് അദ്ദേഹം എഡിറ്റിംഗ് നിര്‍വഹിച്ചിട്ടുള്ളത്.

ദര്‍ബാര്‍, സാഹോ തുടങ്ങിയ ചിത്രങ്ങളാണ് ഈ അടുത്ത് അദ്ദേഹം എഡിറ്റിംഗ് നടത്തിയത്. രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍, ഇന്ത്യന്‍ 2, പൊന്നിയിന്‍ സെല്‍വം, ആടുജീവിതം എന്നിവയാണ് ശ്രീകര്‍ പ്രസാദിന്റെ എഡിറ്റിംഗില്‍ ഇനി തിയേറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രങ്ങള്‍.

Top