ഫാന്‍സും അപഹാസ്യ പ്രകടനങ്ങളും ഇല്ലാതെ നല്ല സിനിമയുണ്ടാക്കാം’; ജോസഫിനെ പുകഴ്ത്തി ശ്രീകുമാരന്‍ തമ്പി

സിനിമ മികച്ചതാണെങ്കില്‍ നായകനാരെന്നു പോലും നോക്കാതെ പ്രേക്ഷകര്‍ ചിത്രം ഏറ്റെടുക്കും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ജോസഫ്. 2018 ല്‍ പുറത്തിറങ്ങിയ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായ ജോസഫ് സംവിധാനം ചെയ്തിരിക്കുന്നത് പത്മകുമാറാണ്. വലിയ കോലാഹലങ്ങളൊന്നും തന്നെയില്ലാതെ തിയേറ്ററുകളില്‍ എത്തിയ ചിത്രം വന്‍ വിജയമാണ് നേടിയത്.

ഇപ്പോള്‍ ജോസഫിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവും എഴുത്തുകാരനുമായ ശ്രീകുമാരന്‍ തമ്പി. അതിമനോഹരമായ ഒരു കൊച്ചു ‘വലിയ’ സിനിമയെന്നാണ് അദ്ദേഹം ജോസഫിനെക്കുറിച്ച് പറഞ്ഞത്. ഫാന്‍സ് അസോസിയേഷന്റെ ചെണ്ടകൊട്ടില്ലാതെയും അപഹാസ്യമായ പ്രകടനങ്ങള്‍ ഇല്ലാതെയും കോടികള്‍ മുടക്കാതെയും ഒരു നല്ല സിനിമ ഉണ്ടാക്കാമെന്ന് തെളിയിച്ച ജോജുവിനും എം. പത്മകുമാറിനും അഭിനന്ദനം അറിയിക്കുന്നതായും അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചു. മെലഡി എന്താണെന്ന് കാണിച്ചു തന്നതിന് പുതിയ സംവിധായകനേയും അദ്ദേഹം പുകഴ്ത്തി.

ശ്രീകുമാരന്‍ തമ്പിയുടെ ഫേയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം

തികച്ചും അപ്രതീക്ഷിതമായാണ് ഞാന്‍ ജോസഫ് എന്ന സിനിമ കണ്ടത് .അതി മനോഹരമായ ഒരു കൊച്ചു ‘വലിയ’ സിനിമ’. വലിയ താരങ്ങള്‍ അഭിനയിക്കുന്ന ‘വലിയ’ സിനിമകളില്‍ കൊച്ചു വേഷങ്ങളില്‍ ഞാന്‍ ജോജുവിനെ കണ്ടിട്ടുണ്ട് സ്‌നേഹപൂര്‍വം ശ്രദ്ധിച്ചിട്ടുണ്ട് . കൊടിയ നഷ്ടം നിമിത്തം നിര്‍മ്മാണ രംഗത്തു നിന്നു മാറി നില്‍ക്കുന്നതു കൊണ്ട് അതു മനസ്സില്‍ സൂക്ഷിക്കുക മാത്രം ചെയ്തു . പത്മകുമാര്‍ മികച്ച സംവിധായകനാണ് . കൃത്യതയാണ് ആ സൃഷ്ടിയുടെ പ്രധാന ഗുണം. ഫാന്‍സ് അസോസിയേഷന്റെ ചെണ്ടകൊട്ടില്ലാതെയും അപഹാസ്യമായ പ്രകടനങ്ങള്‍ ഇല്ലാതെയും കോടികള്‍ മുടക്കാതെയും ഒരു നല്ല സിനിമ ഉണ്ടാക്കാമെന്ന് തെളിയിച്ച ജോജുവിനും എം. പത്മകുമാറിനും അഭിനന്ദനം …അഭിനന്ദനം , പുതിയസംഗീതസംവിധായകനും എന്റെ സ്വീകരണം. മെലഡി എന്താണെന്നു കാണിച്ചു തന്നതിന് ….സിനിമയോട് സ്‌നേഹമുള്ളവര്‍ ഈ ചിത്രം തീര്‍ച്ചയായും കണ്ടിരിക്കണം .

Top