കൊളംബോ: തമിഴ് ആഭ്യന്തര യുദ്ധ സമയത്ത് 11 പേരെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ ശ്രീലങ്കന്‍ കോടതിയുടെ വിധി.
അഡ്മിറല്‍ രവീന്ദ്ര വിജേഗുനാരന്റെയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇതുവരെ പുറപ്പെടുവിച്ച വിധികളൊന്നും നടപ്പാകാത്തതില്‍ കൊളംബോ ഫോര്‍ട്ട് മജിസ്‌ട്രേറ്റ് രങ്കാ ദിസാനായകെ പോലീസിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.
നവംബര്‍ 9നുള്ളില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നാണ് കോടതി നിര്‍ദ്ദേശം. അതിന് സാധിച്ചില്ലെങ്കില്‍ കേസന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് കോടതി വ്യക്തമാക്കി.
40,000 സാധാരണക്കാര്‍ ആഭ്യന്തര യുദ്ധത്തില്‍ ആകെ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഐക്യരാഷ്ട്രസഭയുടെ റിപ്പോര്‍ട്ട്.
വലിയ രാഷ്ട്രീയ അനിശ്ചിതാവസ്ഥയിലൂടെയാണ് ഇപ്പോള്‍ ശ്രീലങ്ക കടന്നുപോകുന്നത്. ആശ്വാസമെന്ന നിലയ്ക്ക് പാര്‍ലമെന്റ് പിരിച്ചു വിടാനുള്ള തീരുമാനം പ്രസിഡന്റ് മൈത്രിപാല സിരിസേന സസ്‌പെന്റ് ചെയ്തിരുന്നു. തിങ്കളാഴ്ച വീണ്ടും പാര്‍ലമെന്റ് സമ്മേളിച്ച് മഹിന്ദ രാജപക്ഷെ സര്‍ക്കാരിന്റെ ഭാവി തീരുമാനിക്കാനിരിക്കുന്ന സാഹചര്യത്തിലാണ് സൈനിക ഉദ്യോഗസ്ഥനെതിരായ കോടതി വിധി വന്നിരിക്കുന്നത്.