കൊളംബോ: പുതിയ ശ്രീലങ്കന്‍ പ്രധാനമന്ത്രിയെ തിങ്കളാഴ്ച തീരുമാനിക്കുമെന്ന് പ്രസിഡന്റ് മൈത്രിപാല സിരിസേന. പാര്‍ലമന്റെ് പിരിച്ചുവിട്ട നടപടി ഭരണഘടന വിരുദ്ധമാണെന്ന സുപ്രീംകോടതി വിധിക്കു പിന്നാലെയാണ് പ്രധാനമന്ത്രി ആരെന്നും മന്ത്രിസഭയില്‍ ആരൊക്കെയെന്നും തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് സിരിസേന അറിയിച്ചത്. എന്നാല്‍ പുറത്താക്കിയ റനില്‍ വിക്രമസിംഗെയെ പ്രധാനമന്ത്രിയായി പുനഃസ്ഥാപിക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
കോടതി വിധി അംഗീകരിക്കുന്നുവെന്നും എന്നാല്‍, വിക്രമസിംഗെയെ പ്രധാനമന്ത്രിയായി അംഗീകരിക്കാനാവില്ലെന്നും യോഗത്തിനു ശേഷം സിരിസേന മാധ്യമങ്ങളോടു പറഞ്ഞു. രാജ്യത്തെ നശിപ്പിക്കാനുള്ള വിക്രമസിംഗെ നേതൃത്വം നല്‍കുന്ന യുനൈറ്റഡ് നാഷനല്‍ പാര്‍ട്ടിയുടെ ശ്രമം തടയാനാണ് പാര്‍ലമന്റെ് പിരിച്ചുവിട്ടതെന്നാണ് സിരിസേനയുടെ വാദം.
സുപ്രീംകോടതിയില്‍ രാജപക്‌സ സമര്‍പ്പിച്ച ഹരജി ജനുവരിയില്‍ 16, 17, 18 തീയതികളില്‍ പരിഗണിക്കാനാണ് തീരുമാനം. എല്ലാ പാര്‍ട്ടികളും അതിനുള്ളില്‍ മറുപടി നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.