കൊളംബോ: 253 പേര്‍ കൊല്ലപ്പെട്ട ചാവേര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകരവാദത്തിനെതിരെ നിയമ നിര്‍മാണത്തിനൊരുങ്ങി ശ്രീലങ്ക. ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങള്‍ മുഴുവന്‍ ഒന്നിക്കണമെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി വിക്രമസിംഗെ ഭീകരവാദത്തിനെതിരെ നിയമനിര്‍മാണം നടത്തുമെന്നും പാര്‍ലമെന്റില്‍ പറഞ്ഞു.
250ലേറെ പേരുടെ മരണത്തിന് വഴിയൊരുക്കിയ ഈസ്റ്റര്‍ സ്ഫോടനത്തില്‍ പങ്കാളികളായ ഭൂരിഭാഗം പേരും അറസ്റ്റ് ചെയ്യപ്പെട്ടതോ മരിച്ചതോ ആയി പ്രധാനമന്ത്രി പാര്‍മലെന്റിനെ അറിയിച്ചു. പ്രാദേശിക സഹായത്തോടെയാണ് ഐ.എസ് പദ്ധതി ആക്രമണം ചെയ്തത് എന്നുതന്നെയാണ് നിഗമനം. അതുകൊണ്ട് തന്നെ വീണ്ടും ആക്രമണത്തിനുള്ള സാധ്യത സര്‍ക്കാര്‍ തള്ളിക്കളയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഭീകരവാദികള്‍ക്ക് പ്രാദേശിക സഹായം നല്‍കിയവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. എട്ട് രാജ്യങ്ങളിലെ അന്വേഷണ ഉദ്യോഗസ്ഥരും എഫ്ബിഐയുടേയും ഇന്റര്‍പോളിന്റേയും സഹായത്തോടെയാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍ അന്വേഷണം തുടരുന്നത്. ആക്രമണത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ പള്ളികള്‍ കേന്ദ്രീകരിച്ചും പൊതുസ്ഥലങ്ങളിലും കര്‍ശന സുരക്ഷ തുടരുകയാണ്.