ശ്രീലങ്കന്‍ ആനയെ മോചിപ്പിക്കണം; മേനകാ ഗാന്ധി പ്രസിഡന്റിന് കത്തയച്ചു

menaka-gandhi

ന്യൂഡല്‍ഹി: ശ്രീലങ്കയിലെ ദേഹിവാല മൃഗശാലയില്‍ 67 വര്‍ഷങ്ങളായി കഴിയുന്ന ആനയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രിയും മൃഗ സംരക്ഷണ പ്രവര്‍ത്തകയുമായ മേനകാ ഗാന്ധി ശ്രീലങ്കന്‍ പ്രസിഡന്റിന് കത്തയച്ചു. വര്‍ഷങ്ങളായി ചങ്ങലയില്‍ കഴിയുന്ന ബന്ധുലയുടെ ദുരിതത്തെക്കുറിച്ച് ശ്രീലങ്കയില്‍ നിന്നുള്ളവര്‍ പോലും തന്നെ അറിയിച്ചതായി കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ശ്രീലങ്ക വളരെ മാന്യതയും സുന്ദരവുമായ ജനതയാണെന്നും അത്തരം ആളുകള്‍ ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും കത്തില്‍ പറയുന്നു. വളരെ നാളുകള്‍ ചങ്ങലകളില്‍ കിടക്കുന്നതിനാല്‍ കാലുകള്‍ നിറയെ വൃണമായിരിക്കുന്ന ബന്ധുലയെക്കുറിച്ച് ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മൃഗശാലയില്‍ നിന്നും റിഡിയഗമ ദേശീയ ഉദ്യാനത്തിലേക്ക് ആനയെ മാറ്റണമെന്നാണ് മേനകാ ഗാന്ധിയുടെ ആവശ്യം. ആനകള്‍ മനുഷ്യരെപ്പോലെ തന്നെ പെട്ടെന്ന് പ്രതികരിക്കുന്നവരാണെന്നും ഇന്ത്യയില്‍ ഇവയെ മൃഗശാലകളില്‍ ഇടാറില്ലെന്നും കത്തില്‍ പറയുന്നു. ശ്രീലങ്കന്‍ മൃഗശാലകളില്‍ കഴിയുന്ന മറ്റ് 7 ആനകളെയും മോചിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

വംശനാശ ഭീഷണി നേരിടുന്ന വിഭാഗമാണ് ശ്രീലങ്കന്‍ ആനകള്‍. പലതിനെയും ചെറിയ ഇടങ്ങളില്‍ തളച്ചിട്ടിരിക്കുകയാണ്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വനങ്ങള്‍ നശിപ്പിക്കുന്നതും ഇവയുടെ നിലനില്‍പ്പിനെ ദോഷകരമായി ബാധിച്ചിട്ടുണ്ട്.

വേള്‍ഡ് വൈഡ് ലൈഫ് ഫണ്ടിന്റെ കണക്കു പ്രകാരം ശ്രീലങ്കന്‍ ആനകളുടെ എണ്ണത്തില്‍ 65 ശതമാനമാണ് കുറവ് വന്നിരിക്കുന്നത്. രണ്ടായിരമാണ്ടിന്റെ തുടക്കത്തിലാണ് ഇത്ര വലിയ കുറവ് ഉണ്ടായിരിക്കുന്നത്.

Top