തിരുവനന്തപുരം: സ്വന്തം കുഞ്ഞിനെ വീണ്ടുകിട്ടണമെന്ന അനുപമയുടെ പരാതി പരിഹരിക്കാന്‍ കഴിയാത്തതില്‍ തനിക്കു കുറ്റബോധമുണ്ടെന്നു മുന്‍ മന്ത്രി പി.കെ.ശ്രീമതി. ചാനല്‍ ചര്‍ച്ചയ്ക്കിടെയാണു ശ്രീമതി തുറന്നു പറച്ചില്‍ നടത്തിയത്. അനുപമയുടെ പരാതി അറിഞ്ഞത് വൃന്ദ കാരാട്ടിലൂടെയാണ്. വീണ്ടും പരാതി നല്‍കണമെന്ന് അനുപമയോടു നിര്‍ദേശിച്ചിരുന്നെന്നും ശ്രീമതി ടീച്ചര്‍ വ്യക്തമാക്കി.
മാത്രമല്ല, കോടിയേരി ബാലകൃഷ്ണനെ സമീപിക്കണമെന്നും നിര്‍ദേശിച്ചു. പാര്‍ട്ടിയിലെ വനിതാ നേതാക്കളെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയെയും ഇക്കാര്യം അറിയിച്ചിരുന്നു. പരാതി പരിഹരിക്കാന്‍ കഴിയാതിരുന്നത് എന്റെ പരാജയമാണെന്ന് ശ്രീമതി ടീച്ചര്‍ പറഞ്ഞു.
നേരത്തെ, കുഞ്ഞിനെ തിരിച്ചുകിട്ടാനായി നിരാഹാര സമരവുമായി മുന്നോട്ട് പോകുന്നതിനിടെ അനുപമയെ മന്ത്രി വീണാ ജോര്‍ജ്ജ് ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. കുഞ്ഞിനെ തിരികെ കിട്ടാനായി നടപടി എടുക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയെന്ന് അനുപമ പറയുന്നു. അമ്മ എന്ന വികാരം മനസിലാകുമെന്നും ഞാനും ഒരമ്മയാണെന്നും കാര്യങ്ങള്‍ വീണാ ജോര്‍ജ്ജ് അനുപമയോട് പറഞ്ഞു. സെക്രട്ടേറിയറ്റിന് മുന്നില്‍ അനുപമ സമരം തുടങ്ങാനിരിക്കെയാണ് മന്ത്രിയുടെ ഇടപെടല്‍.