ശ്രീനഗര്‍: സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് അടച്ച എന്‍.ഐ.ടി കാമ്പസ് ശ്രീനഗറിന് പുറത്തേക്ക് മാറ്റണമെന്ന ആവശ്യത്തില്‍ വിദ്യാര്‍ഥികള്‍ ഉറച്ച് നിന്നതോടെ സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. സംസ്ഥാനത്തിന് പുറത്ത് നിന്നുള്ള വിദ്യാര്‍ഥികളാണ് ശ്രീനഗറില്‍ നിന്ന് കാമ്പസ് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്നത്. ഇതോടെ പ്രശ്‌നപരിഹാരത്തിനായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി തന്നെ നേരിട്ട് രംഗത്തിറങ്ങിയേക്കും. ഉപമുഖ്യമന്ത്രി നിര്‍മല്‍ സിങ് കഴിഞ്ഞദിവസം അഞ്ച് മണിക്കൂറോളം വിദ്യാര്‍ഥികളുമായി നടത്തിയ ചര്‍ച്ചയില്‍ പുരോഗതിയില്ലാത്തതിനെ തുടര്‍ന്നാണ് മെഹബൂബ തന്നെ രംഗത്തിറങ്ങുന്നത്.
ഡല്‍ഹിയില്‍നിന്ന് മാനവശേഷി വികസന മന്ത്രാലയത്തിലെ മൂന്നംഗ സംഘം കാമ്പസ് സന്ദര്‍ശിച്ച് സമരംചെയ്യുന്ന വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യവെസ്റ്റിന്‍ഡീസ് ട്വന്റി20 ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനുശേഷം കശ്മീരി വിദ്യാര്‍ഥികളും മറ്റു സംസ്ഥാനത്തുനിന്നുള്ളവരും തമ്മില്‍ കഴിഞ്ഞയാഴ്ചയാണ് പ്രശ്‌നമുണ്ടായത്. ഇതേതുടര്‍ന്ന് അടച്ചിട്ട കാമ്പസ് തുറന്നെങ്കിലും വീണ്ടും പ്രശ്‌നങ്ങളുണ്ടാകുകയായിരുന്നു. ലോകകപ്പ് സെമിഫൈനല്‍ മത്സരത്തില്‍ വെസ്റ്റിന്‍ഡീസ് ഇന്ത്യയെ പരാജയപ്പെടുത്തിയതിനെ തുടര്‍ന്ന് ചില വിദ്യാര്‍ഥികള്‍ പടക്കംപൊട്ടിച്ചതാണ് സംഘര്‍ഷത്തിന് കാരണം.
പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് കശ്മീരികളല്ലാത്ത മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തിന് മുമ്പില്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. 400ഓളം വരുന്ന വിദ്യാര്‍ഥികളാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. പരാതിയില്‍ പരിഹാരം കാണാമെന്ന് ഡയറക്ടര്‍ ഉറപ്പു നല്‍കിയെങ്കിലും പിരിഞ്ഞു പോകാന്‍ വിദ്യാര്‍ഥികള്‍ തയാറായില്ല. ഇതിനിടെ ഒരു സംഘം വിദ്യാര്‍ഥികള്‍ കാമ്പസില്‍ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു.
ശ്രീനഗറിലെ എന്‍.ഐ.ടിയുടെ റീജണല്‍ എന്‍ജിനീയറിങ് കോളജില്‍ 2500 വിദ്യാര്‍ഥികളും 400 അധ്യാപകരുമാണുള്ളത്. ഇതില്‍ ഭൂരിഭാഗവും സംസ്ഥാനത്തിന് പുറത്തുള്ള വിദ്യാര്‍ഥികളാണ്.